മധ്യപ്രദേശിൽ വർധിച്ചുവരുന്ന റോഡപകടങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് നല്ല റോഡുകൾ ഉള്ളതുകൊണ്ടാണ് അപകടങ്ങൾ സംഭവിക്കുന്നതെന്ന വിചിത്ര പ്രസ്താവനയുമായി ബിജെപി എംഎൽഎ. മധ്യപ്രദേശിലെ മന്ധാതയിലെ നാരായൺ പട്ടേൽ എംഎൽഎയാണ് വിചിത്രവാദം ഉന്നയിച്ചത്.
നല്ല റോഡുകൾ അതിവേഗ ട്രാഫിക്കിലേക്ക് നയിക്കുന്നതിനാൽ അപകടസാധ്യത വർധിക്കുന്നതായി എംഎൽഎ പറയുന്നു.
സംസ്ഥാനത്ത് വർധിച്ചുവരുന്ന റോഡപകടങ്ങളെക്കുറിച്ച് വിശദീകരിക്കവെയാണ് ഈ പ്രസ്താവന.
“എൻ്റെ മണ്ഡലത്തിൽ റോഡപകടങ്ങൾ വർധിച്ചുവരികയാണ്. റോഡുകൾ മികച്ചതാണ്, വാഹനങ്ങൾ അതിവേഗതയിൽ പായുന്നു, അതിനാൽ വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടാനുള്ള സാധ്യത വർധിപ്പിക്കുന്നു. ചില ഡ്രൈവർമാർ മദ്യപിച്ച് വാഹനമോടിക്കുന്നത് അപകടങ്ങളിലേക്ക് നയിക്കുന്നു. നല്ല റോഡുകൾ രാജ്യ വികസനത്തിൻ്റെ പ്രതീകമാണ്.”- നാരായൺ പട്ടേൽ പറഞ്ഞു.