ഗുജറാത്തിലെ തെരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടായ വിജയം ആഘോഷിച്ച് ഒരു സ്വർണവ്യാപാരി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വർണ പ്രതിമ തീർത്താണ് സൂറത്തിലെ ബസന്ത് ബോറ എന്ന വ്യാപാരി വിജയം ആഘോഷിക്കുന്നത്. 156 ഗ്രാം തൂക്കം വരുന്ന നരേന്ദ്രമോദിയുടെ സ്വർണ പ്രതിമയാണ് ഇദ്ദേഹം നിർമിച്ചത്.
അതേസമയം ഗുജറാത്തിലെ തെരഞ്ഞെടുപ്പിൽ 156 സീറ്റുകളിലാണ് ബിജെപി നേട്ടം കൊയ്തത്. ഈ വിജയത്തിന്റെ പ്രതീകമായാണ് 156 ഗ്രാമിന്റെ സ്വർണ പ്രതിമ പണികഴിപ്പിച്ചതെന്ന് ബോറ പറഞ്ഞു. 19.5 പവൻ വരുന്ന സ്വർണ വിഗ്രഹത്തിന് 8,11,200 രൂപയാണ് വില. പണിക്കൂലിയും ചേർത്ത് 11 ലക്ഷം രൂപയ്ക്കാണ് സ്വർണ പ്രതിമ വിൽപനയ്ക്ക് വച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
15 സ്വർണപണിക്കാർ ചേർന്ന് മൂന്ന് മാസം കൊണ്ടാണ് നരേന്ദ്ര മോദിയുടെ ഈ പ്രതിമ നിർമിച്ചത്. ഡിസംബറിലാണ് പ്രതിമ പൂർത്തിയാക്കിയത്. എന്നാൽ ഡിസംബർ എട്ടിലെ ഫലപ്രഖ്യാപനം കൂടി പുറത്ത് വന്ന ശേഷം പ്രതിമയിൽ ചെറിയ ചില മാറ്റങ്ങൾ കൂടി വരുത്തിയിട്ടുണ്ട്. തൂക്കം നിയമസഭാ സീറ്റുകളുടെ അതേ അക്കത്തിലേക്ക് എത്തിച്ച് നിർമാണ പ്രവർത്തനം പൂർത്തീകരിക്കുകയായിരുന്നു.