സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ഗോ ഫസ്റ്റ് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. ഡയരക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അനുമതി നല്‍കിയതോടെയാണ് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചത്. വിവിധ നിബന്ധനകളോടെയാണ് അനുമതി നല്‍കിയിട്ടുള്ളത്.
സൂക്ഷ്മമായ പരിശോധനകള്‍ക്ക് ശേഷം ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ ഗോ ഫസ്റ്റ് ആഭ്യന്തര സര്‍വീസ് ആരംഭിക്കും. അന്താരാഷ്ട്ര സര്‍വീസ് സെപ്തംബറില്‍ ആയിരിക്കും തുടങ്ങുക. ടിക്കറ്റ് ബുക്കിംഗ് സെപ്തംബര്‍ ആദ്യം ആരംഭിക്കും.
യുഎഇയില്‍ നിന്നും കണ്ണൂരിലേക്കുള്ള യാത്രക്കാര്‍ ഏറ്റവും കൂടുതല്‍ ആശ്രയിച്ചിരുന്നത് ഗോ ഫസ്റ്റ് വിമാന സര്‍വീസുകളെയായിരുന്നു. ആദ്യ അന്താരാഷ്ട്ര സര്‍വീസ് യുഎഇ കണ്ണൂര്‍ റൂട്ടില്‍ ആയിരിക്കും.
പശ്ചിമേഷ്യന്‍ മേഖലയില്‍ അബുദാബി, ദുബായ്, മസ്കറ്റ്, കുവൈത്ത്, ദമാം എന്നിവിടങ്ങളില്‍ നിന്നും കണ്ണൂര്‍, ഡല്‍ഹി, മുംബൈ, കൊച്ചി എന്നിവിടങ്ങളിലേക്കാണ് ഗോ ഫസ്റ്റ് പ്രധാനമായും സര്‍വീസ് നടത്തിയിരുന്നത്. അബുദാബി, ദുബായ് എന്നിവിടങ്ങളില്‍ നിന്ന് ദിവസവും മറ്റ് ഇടങ്ങളില്‍ നിന്ന് ആഴ്ചയില്‍ മൂന്ന് സര്‍വീസുമായിരുന്നു ഉണ്ടായിരുന്നത്.