മുംബൈ: ഗോ ഫസ്റ്റ് എയർലൈൻസിലെ പ്രതിസന്ധി മൂർച്ഛിച്ചതിന് പിന്നാലെ രാജ്യത്തെ വിമാനടിക്കറ്റ് നിരക്കിൽ വൻ കുതിച്ചുചാട്ടം. ആഭ്യന്തര വിമാനയാത്രകൾക്കാണ് വലിയ തുക ടിക്കറ്റ് ചാർജ്ജ് വരുന്നത്. പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ഇന്ന് ദില്ലി – മുബൈ വിമാനടിക്കറ്റിന് 19,000 രൂപയാണ് ചാർജ്ജ് കാണിക്കുന്നത്. എന്നാൽ മുംബൈയിൽ നിന്നും ദില്ലിക്ക് 4700 രൂപയ്ക്ക് ടിക്കറ്റ് ലഭ്യമാണ്. അതേസമയം ദില്ലി – ദുബായ് റൂട്ടിൽ 14000 രൂപയ്ക്കും ടിക്കറ്റുകൾ ലഭ്യമാണ്.
ദില്ലി – കൊച്ചി വിമാനത്തിൽ ഇന്ന് 22,000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. ദില്ലിയിൽ മാത്രമല്ല മുംബൈയിൽ നിന്നും വിവിധ ഇന്ത്യൻ നഗരങ്ങളിലേക്കുള്ള വിമാനടിക്കറ്റുകൾക്കും വൻചാർജ്ജ് വർധനയാണ് ഉണ്ടായിട്ടുള്ളത്. ആഭ്യന്തര വ്യോമയാന രംഗത്ത് ശക്തമായ സാന്നിധ്യമുണ്ടായിരുന്ന ഗോഫസ്റ്റ് എയർലൈൻസ് സർവ്വീസുകൾ താത്കാലികമായി നിർത്തി വച്ചതാണ് പുതിയ പ്രതിസന്ധിക്ക് കാരണമെന്നാണ് സൂചന.
ഗോഫസ്റ്റ് സജീവമായ ലെ – ദില്ലി, മുംബൈ – ശ്രീനഗർ, ചെന്നൈ – പോർട്ട് ബ്ലെയ്ർ, ദില്ലി – ശ്രീനഗർ റൂട്ടുകളിലും കമ്പനിയുടെ പിൻവാങ്ങലിന് പിന്നാലെ ടിക്കറ്റ് നിരക്കിൽ കുതിച്ചു ചാട്ടമുണ്ടായിട്ടുണ്ട്. ഒരാഴ്ച മുൻപെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്യുകയല്ലാതെ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ മറ്റു മാർഗ്ഗങ്ങളൊന്നുമില്ലെന്നാണ് വ്യോമയാന രംഗത്തെ പ്രമുഖർ പറയുന്നത്. അവസാന നിമിഷം ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് കൊള്ളവില നൽകേണ്ടി പറക്കേണ്ടി വരുന്നത്.