തൃശ്ശൂർ: കടം കൊടുത്ത പണം തിരികെ ചോദിച്ചതിന് തൃശ്ശൂർ അതിരപ്പിള്ളിയിൽ യുവതിയെ സുഹൃത്ത് കൊന്നു വനത്തിൽ തള്ളി. അങ്കമാലി പാറക്കടവ് സ്വദേശി സനിലിൻ്റെ ഭാര്യ ആതിരയാണ് (26) കൊല്ലപ്പെട്ടത്. സംഭവത്തിൽ ആതിരയുടെ സുഹൃത്തും സഹപ്രവർത്തകനുമായ അഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആതിരയെ തുമ്പൂർമുഴി വനത്തിൽ എത്തിച്ച് കൊന്നുവെന്ന് പൊലീസിന് പ്രതി നൽകിയ മൊഴി. കാലടി പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ച മുതൽ ആതിരയെ കാണാനില്ലായിരുന്നു. ഇതേതുടർന്ന് ഭർത്താവും വീട്ടുകാരും പൊലീസിൽ പരാതി നൽകി. യുവതിയുടെ ഫോണ് കോളുകൾ പരിശോധിച്ച പൊലീസ് അഖിൽ എന്നയാളുമായി ആതിര നിരന്തരം സംസാരിച്ചിരുന്നുവെന്ന് കണ്ടെത്തി. അങ്കമാലിയിലെ ഒരു സൂപ്പർമാർക്കറ്റിലാണ് ആതിര ജോലി ചെയ്തിരുന്നത്. ഇതേ സ്ഥാപനത്തിലെ ജോലിക്കാരനായിരുന്നു അഖിൽ.
ആതിര ജോലി ചെയ്യുന്ന സൂപ്പർമാർക്കറ്റിലെത്തി പൊലീസ് നടത്തിയ അന്വേഷണത്തിൽ കാണാതായ ദിവസം ഇവർ ഒരു കാറിൽ കയറി പോകുന്നത് കണ്ടെന്ന വിവരം ലഭിച്ചു. കാണാതായ ദിവസം ഫോണ് വീട്ടിൽ വച്ചാണ് അഖില പോയത്. അങ്കമാലി ഭാഗത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചതിൽ ഒരു മാരുതി എർട്ടിഗ കാറിൽ ആതിര കയറി പോകുന്നതിൻ്റെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. എന്നാൽ ഈ ദൃശ്യങ്ങളിൽ കാറിലെ ഡ്രൈവറുടെ മുഖം വ്യക്തമല്ലായിരുന്നു. പിന്നീട് കാറിൻ്റെ നമ്പർ പരിശോധിച്ച് ഉടമയെ കണ്ടെത്തി. അഖിൽ അന്നേ ദിവസത്തേക്ക് കാർ വാടകയ്ക്ക് എടുത്തിരുന്നുവെന്ന് ഇയാൾ പൊലീസിനെ അറിയിച്ചു.
ഇതോടെ പൊലീസ് സംഘം അഖിലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇതോടെയാണ് കൊലപാതക വിവരം പുറത്തു വന്നത്. സംഭവദിവസം എന്തിനാണ് അവധിയെടുത്തത് എന്ന ചോദ്യത്തിന് അഖിൽ പറഞ്ഞ മറുപടിയെല്ലാം കള്ളമാണെന്ന് പൊലീസ് തെളിയിച്ചതോടെ പ്രതി കുറ്റസമ്മതം നടത്തുകയായിരുന്നു. ഷാൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് ആതിരയെ കൊന്നുവെന്നാണ് അഖിൽ നൽകിയിരിക്കുന്ന മൊഴി.
അതിരപ്പിള്ളിയിലേക്ക് വിനോദയാത്ര പോകാമെന്ന് പറഞ്ഞാണ് ആതിരയെ അഖിൽ ശനിയാഴ്ച കാറിൽ കയറ്റി കൊണ്ടു പോയത്. തുമ്പൂർമൊഴിയിൽ നിന്നും അതിരപ്പിള്ളിയിലേക്കുള്ള ഭാഗത്ത് കാർ വഴിയരികിൽ പാർക്ക് ചെയ്തു. വനത്തിലൂടെ കുറച്ച് ദൂരം നടക്കാമെന്ന് പറഞ്ഞ് ആതിരയുമായി അഖിൽ കാട്ടിലേക്ക് കേറി. റോഡിൽ നിന്നും 300 മീറ്ററോളം അകത്തേക്ക് പോയ ശേഷം പാറക്കെട്ടിന് സമീപത്ത് വച്ചാണ് ആതിരയെ അഖിൽ കൊലപ്പെടുത്തിയത്. ഷാളുപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിൽ ബൂട്ടിട്ട കാൽ കൊണ്ട് ചവിട്ടി മരണം ഉറപ്പാക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് കാറുമായി അഖിൽ അങ്കമാലിയിൽ തിരിച്ചെത്തി. ഇന്ന് പുലർച്ചയോടെ പാറക്കെട്ടുകൾക്കിടയിൽ നിന്നും അഖിൽ തന്നെയാണ് ആതിരയുടെ മൃതദേഹം പൊലീസിന് കാണിച്ചു നൽകിയത്.
കഴിഞ്ഞ ആറു മാസത്തോളമായി ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം. കൈവശമുള്ള 12 പവൻ സ്വർണം ആതിര അഖിലിന് പണയം വയ്ക്കാൻ നൽകിയിരുന്നു. സ്വർണം വേഗം എടുത്ത് തരാമെന്ന ഉറപ്പിലാണ് അഖിൽ ആതിരയിൽ നിന്നും വാങ്ങിയത്. എന്നാൽ പിന്നീട് ആതിര സ്വർണം ആവശ്യപ്പെടുമ്പോൾ അഖിൽ ഒഴിഞ്ഞുമാറാൻ ശ്രമിച്ചു. സ്വർണം തിരിച്ചു കിട്ടണമെന്ന നിലപാടിൽ ആതിര ഉറച്ചു നിന്നതോടെ കൊലപാതകത്തിന് അഖിൽ പദ്ധതിയിട്ടത്.
അഖിലിൻ്റെ നിർദേശപ്രകാരമാണ് അന്നേ ദിവസം ആതിര ഫോണ് വീട്ടിൽ വച്ചിട്ട് വന്നത്. ആതിരയുടെ മൊബൈൽ ടവർ പിന്തുടർന്ന് പിടിയിലാവുന്നത് ഒഴിവാക്കാൻ വേണ്ടിയാണ് അഖിൽ ഇങ്ങനെ ചെയ്തത്. അഖിലും അന്നേ ദിവസം തൻ്റെ ഫോണ് സ്വിച്ച് ഓഫ് ചെയ്തു വച്ചു. എന്നാൽ ആതിര കാറിൽ കയറുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതോടെ അഖിൽ കുടുങ്ങുകയായിരുന്നു. അഖിലും ആതിരയും വിവാഹതിരും മക്കൾ ഉള്ളവരുമാണ്.