ഭോപ്പാൽ: ബി.ജെ.പി എംപി പ്രജ്ഞാ സിംഗ് ഠാക്കൂറിനൊപ്പം “ദി കേരള സ്റ്റോറി” സിനിമ കണ്ട യുവതി ഒളിച്ചോടിയതായി പരാതി. ഭോപ്പാൽ സ്വദേശിനിയായ ഇരുപതുകാരിയെ കാണാതായതായി ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ക്രിമിനൽ പശ്ചാത്തലമുള്ള മുസ്ലീം കാമുകനൊപ്പമാണ് പെൺകുട്ടി പോയതെന്നും വീട്ടിൽ സൂക്ഷിച്ച 70,000 രൂപയും ആഭരണങ്ങളും കൊണ്ടുപോയിട്ടുണ്ടെന്നും വീട്ടുകാരുടെ പരാതിയിൽ പറയുന്നു. ഇന്ത്യടുഡേ അടക്കമുള്ള ദേശീയമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം താൻ പ്രായപൂർത്തിയായ ആളാണെന്നും താൻ എന്താണ് ചെയ്യുന്നതെന്ന് അറിയാമെന്നും പെൺകുട്ടി പറയുന്ന ഒരു വീഡിയോ പുറത്തു വന്നിട്ടുണ്ട്. മുൻപൊരു തവണ സമാനമായ രീതിയിൽ ഈ പെൺകുട്ടിയെ കാണാതായിരുന്നു. മെയ് 11-നായിരുന്നു ഈ സംഭവം. തുടർന്ന് പെൺകുട്ടിയുടെ കുടുംബം പ്രഗ്യാ സിംഗിൻ്റെ സഹായം തേടുകയും, എംപി പൊലീസ് സഹായത്തോടെ പെൺകുട്ടിയെ തിരികെ വിട്ടിലെത്തിക്കുകയും ചെയ്തു.
ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ ദി കേരള സ്റ്റോറി സിനിമയുടെ പ്രത്യേക പ്രദർശനം ഭോപ്പാലിൽ സംഘടപ്പിച്ചിരുന്നു. ഹിന്ദു പെൺകുട്ടികൾക്ക് വേണ്ടിയുള്ള ഈ സ്പെഷ്യൽ ഷോ കാണാൻ പ്രഗ്യാ സിംഗും ഉണ്ടായിരുന്നു. കേരളത്തിലെ ഹിന്ദു യുവതികളെ മുസ്ലീം പുരുഷന്മാർ പ്രണയിച്ച് മതം മാറ്റി തീവ്രവാദപ്രവർത്തനത്തിന് കൊണ്ടു പോകുന്നതാണ് ദ കേരള സ്റ്റോറിയുടെ ഇതിവൃത്തം. പ്രഗ്യയുടെ നിർദേശ പ്രകാരം ബന്ധുക്കൾ ഒളിച്ചോടി പോയ പെൺകുട്ടിയേയും ഈ ഷോയ്ക്ക് കൊണ്ടു വന്നിരുന്നു. ഈ സിനിമ കണ്ട് ദിവസങ്ങൾക്കുള്ളിലാണ് പെൺകുട്ടിയെ വീണ്ടും കാണാതായത്.
മെയ് 19ന് പുലർച്ചെയാണ് യുവതിയെ കാണാതായത്. രാവിലെ ഉണർന്നപ്പോൾ പെൺകുട്ടി വീട്ടിലുണ്ടായിരുന്നില്ലെന്ന് വീട്ടുകാർ പറയുന്നു. പരാതി നൽകാൻ പോയപ്പോൾ നേരത്തെയും പെൺകുട്ടി ഓടിപ്പോയത് ചൂണ്ടിക്കാട്ടി പോലീസ് തങ്ങളെ അവഗണിച്ചെന്നും കുടുംബം ആരോപിക്കുന്നു.
നഴ്സിംഗ് സ്കൂളിൽ സഹപാഠിയായിരുന്നു പെൺകുട്ടിയുടെ സഹോദരനൊപ്പമാണ് യുവതി പോയതെന്നാണ് കുടുംബം ആരോപിക്കുന്നത്. യൂസഫ്ഖാൻ എന്നാണ് ഇയാളുടെ പേരെന്നും ലോക്കൽ പോലീസ് സ്റ്റേഷനിൽ അടിപിടി, മോഷണം, തീവയ്പ്പ് തുടങ്ങിയ കേസുകളിൽ ഇയാൾ പ്രതിയാണെന്നും കുടുംബം ആരോപിക്കുന്നു.
അതേസമയം മകനൊപ്പം പെൺകുട്ടി പോയ സംഭവത്തിൽ തനിക്കൊന്നും അറിയില്ലെന്നാണ് യൂസഫ് ഖാൻ്റെ പിതാവ് പറയുന്നത്. മകനെ താൻ വീട്ടിൽ നിന്നും ഇറക്കി വിട്ടതാണെന്നും ഇയാൾ പറയുന്നു. തൻ്റെ സഹോദരൻ ഈ ബന്ധത്തിൽ നിന്നും പിന്മാറിയതാണെന്നും എന്നാണ് കാണാതായ പെൺകുട്ടിയാണ് അവനെ പിടിച്ചു വച്ചതെന്നും യൂസഫിൻ്റെ സഹോദരി ആരോപിക്കുന്നു.
പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതി കിട്ടിയെന്നും ഇക്കാര്യത്തിൽ നിയമപ്രകാരം നടപടിയെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി. മെയ് 19 ന് യുവതിയെ കാണാതായതായി പരാതി കിട്ടിയിട്ടുണ്ടെന്ന് ലോക്കൽ പോലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ അനിൽ ബാജ്പേയ് എൻഡിടിവിയോട് പറഞ്ഞു. “ഞങ്ങൾ ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അവളെ കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്. അവളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഞങ്ങൾ തുടർനടപടി സ്വീകരിക്കും,” അദ്ദേഹം പറഞ്ഞു.