മുംബൈ: വിഖ്യാത ഗസൽ ഗായകൻ പങ്കജ് ഉധാസ് മുംബൈയിൽ അന്തരിച്ചു. 72 വയസ്സായിരുന്നു. ക്യാൻസർ ബാധിതനായി ദീർഘനാളായി ചികിത്സയിലായിരുന്നു. ഗായകൻ്റെ മകളാണ് ഇൻസ്റ്റാഗ്രാമിലൂടെ പിതാവിൻ്റെ മരണവാർത്ത പുറംലോകത്തെ അറിയിച്ചത്.
മുംബൈയിലെ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിൽ വച്ച് ഇന്ന് രാവിലെ 11 മണിയോടെയാണ് വിഖ്യാത ഗായകൻ മരണപ്പെട്ടതെന്ന് അടുത്ത ബന്ധുക്കളെ ഉദ്ധരിച്ച് വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
‘ചിത്തി ആയ് ഹേ’ പോലുള്ള അവിസ്മരണീയ ഹിറ്റുകൾ നൽകിയ നൽകിയ പങ്കജ് ഉധാസ് ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ ഗസൽ ഗായകനാണ്. “നാം”, “സാജൻ”, “മൊഹ്റ” എന്നിങ്ങനെ നിരവധി ഹിറ്റ് ഹിന്ദി സിനിമകളിൽ ഉദാസ് പാടിയ ജനപ്രിയ ഗാനങ്ങളുണ്ട്. ‘ചന്ദാനി രാത് മേ’, ‘നാ കജ്രേ കി ധാർ’, ‘ഔർ അഹിസ്ത കിജിയേ ബത്തേൻ’, ‘ഏക് തരാഫ് ഉസ്കാ ഘർ’, ‘തോഡി തോഡി പിയാ കരോ’ എന്നിവ അദ്ദേഹത്തിൻ്റെ നിത്യഹരിത ഗസലുകളിൽ ഉൾപ്പെടുന്നു.
1980-ൽ ആഹത്ത് എന്ന പേരിൽ ഒരു ഗസൽ ആൽബം പുറത്തിറക്കിക്കൊണ്ടാണ് പങ്കജ് ഉദാസ് തൻ്റെ കരിയർ ആരംഭിച്ചത്. തുടർന്ന് 1981-ൽ മുഖരാർ, 1982-ൽ തരണം, 1983-ൽ മെഹ്ഫിൽ എന്നീ ആൽബങ്ങൾ പുറത്തിറങ്ങി.
ഗസൽ ഗായകനെന്ന നിലയിൽ വിജയിച്ചതിന് ശേഷം, മഹേഷ് ഭട്ട് നാം എന്ന സിനിമയിൽ ഉദാസിനെ കൊണ്ട് പാടിക്കുകയും അഭിനയിപ്പിക്കുകയും ചെയ്തു. 1986-ൽ പുറത്തിറങ്ങിയ നാം എന്ന ചിത്രത്തിലെ ഗാനം ആലപിച്ചതോടെ ഉദാസ് കൂടുതൽ പ്രശസ്തിയിലേക്ക് ഉയർന്നു, അതിൽ അദ്ദേഹത്തിൻ്റെ “ചിത്തി ആയേ ഹേ” (കത്ത് എത്തി) വലിയ ഹിറ്റായി.
അതിനുശേഷം നിരവധി ഹിന്ദി ചിത്രങ്ങൾക്ക് പിന്നണി ഗാനം ആലപിച്ചു. ലോകമെങ്ങും സഞ്ചരിച്ച് ആയിരക്കണക്കിന് വേദികളിൽ പങ്കജ് ഉദാസ് പാടി. 2006-ൽ പങ്കജ് ഉദാസിന് ഇന്ത്യയിലെ നാലാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീ ലഭിച്ചു. അദ്ദേഹത്തിൻ്റെ സഹോദരന്മാരായ നിർമ്മൽ ഉദാസ്, മൻഹർ ഉദാസ് എന്നിവരും ഗായകരാണ്.