ദില്ലി: രാജ്യത്തെ പുതിയ എയർലൈനായ ആകാശ എയറിന് അന്താരാഷ്ട്ര സർവ്വീസ് നടത്താൻ കേന്ദ്രസർക്കാർ അനുമതി നൽകി. രാജ്യത്തിന് പുറത്തേക്ക് ആകാശ എയർലൈൻസിൻ്റെ ആദ്യലക്ഷ്യസ്ഥാനങ്ങളിൽ ജിസിസി നഗരങ്ങളും ഉൾപ്പെട്ടേക്കും എന്നാണ് റിപ്പോർട്ടുകൾ. ഡിസംബറോടെ ജിസിസിയിലേക്ക് ആകാശയുടെ വിമാനങ്ങൾ എത്തുമാണ് സൂചന.
ആകാശ എയർലൈനിന് ഇതുവരെ കേന്ദ്രസർക്കാർ ട്രാഫിക്ക് റൈറ്റ്സ് അനുവദിച്ചിട്ടില്ല. ഇതു കിട്ടുന്ന മുറയ്ക്ക് വിവിധ ജിസിസി രാജ്യങ്ങളിൽ നിന്നും കൂടി അനുമതി നേടിയെടുത്താൽ മാത്രമേ ആകാശ എയർലൈനിന് ജിസിസിയിലേക്ക് സർവ്വീസ് ആരംഭിക്കാൻ സാധിക്കൂ. രണ്ട് രാഷ്ട്രങ്ങൾ തമ്മിലുള്ള ഉഭയകക്ഷി കരാറിൻ്റെ അടിസ്ഥാനത്തിലാണ് ഇരുരാജ്യങ്ങളിലേക്കും വിമാനസർവ്വീസുകൾ നടത്തുക. ഖത്തർ, യുഎഇ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലേക്ക് കരാർ പ്രകാരമുള്ള പരമാവധി വിമാനസർവ്വീസുകൾ നിലവിലുണ്ട്. അതേസമയം ഗോഫസ്റ്റ് എയർലൈൻസ് സർവ്വീസ് അവസാനിപ്പിച്ച സാഹചര്യത്തിൽ ചില സ്ലോട്ടുകൾ ഒഴിവുണ്ട് ഈ സ്ലോട്ടുകൾ ആകാശ എയർലൈനിന് അനുവദിക്കാനാണ് സാധ്യത എന്ന് ഇക്കണോമിക് ടൈംസ് വ്യോമയാനമന്ത്രാലയത്തെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നു.
ആകാശ എയർലൈൻസിന് ഉടമസ്ഥതയിൽ നിലവിൽ 20 വിമാനങ്ങളുണ്ട്, കൂടാതെ 23 ബോയിംഗ് 737-8, 53 ബോയിംഗ് 737-8-200 എന്നിവയുൾപ്പെടെ 76 വിമാനങ്ങൾക്ക് കൂടി ആകാശ എയർ ഓർഡർ നൽകിയിട്ടുണ്ട് ഈ വിമാനങ്ങൾ ഇനിയുള്ള മാസങ്ങളിൽ ഇന്ത്യയിലെത്തുമെന്നും തുടർന്ന് ദക്ഷിണേഷ്യയിലെ വിവിധ നഗരങ്ങളിലേക്കും ഗൾഫിലേക്കും വിമാനസർവ്വീസുകൾ തുടങ്ങുമെന്നും ആകാശ എയർ സിഇഒ വിനയ് ദുബെ അറിയിച്ചു.