കോഴിക്കോട് തിരുവമ്പാടിയില്‍ തീപിടിച്ച കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. പുന്നക്കല്‍ സ്വദേശിയുടെ കാര്‍ ആണ് കത്തിയ നിലയില്‍ കണ്ടെത്തിയത്. ഇതിന്റെ ഡ്രൈവിംഗ് സീറ്റിലിരുന്ന ആളുടെ മൃതദേഹം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. എങ്ങനെയാണ് കാര്‍ കത്തിയതെന്നത് സംബന്ധിച്ച് ദുരൂഹത തുടരുകയാണ്.
തിരുവമ്പാടി ചപ്പാത്ത് കടവില്‍ വെള്ളിയാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. ആത്മഹത്യയാണെന്നും പൊലീസ് സംശയിക്കുന്നുണ്ട്. വെള്ളിയാഴ്ച രാത്രി 12ന് ഇതുവഴി പോയ ബൈക്ക് യാത്രികനാണ് കാര്‍ കത്തുന്നത് കണ്ടത്. ഇയാള്‍ നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.
തീ അണച്ച് നടത്തിയ പരിശോധനയിലാണ് കാറിന്റെ ഡ്രൈവിംഗ് സീറ്റില്‍ ആള് ഉണ്ടായിരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. സംഭവത്തില്‍ തിരുവമ്പാടി പൊലീസ് കെസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് സംഘവും പരിശോധനകള്‍ നടത്തി.