ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി സ്ഥാപക നേതാവുമായ മുലായം സിങ് യാദവ് (82) അന്തരിച്ചു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിരിക്കെയാണ് അന്ത്യം. മകനും എസ്. പി അധ്യക്ഷനുമായ അഖിലേഷ് യാദവാണ് മരണം വിവരം അറിയിച്ചത്.
എട്ട് തവണ നിയമസഭാംഗവും 1989 മുതല്‍ 2007 വരെ മൂന്ന് തവണകളായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായിരുന്നു. ഏഴ് തവണ ലോക്സഭയിലെത്തി. 1996-98 കാലഘട്ടത്തില്‍ രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയായിരുന്നു. 1980ൽ ലോക്ദൾ പാർട്ടിയുടെ അധ്യക്ഷനായി. പിന്നീട് ഈ പാർട്ടി ജനതാദളിന്റെ ഭാഗമായി. ലോക്ദൾ പിളർന്നതോടെ ക്രാന്തികാരി മോർച്ച പാർട്ടിയുമായി മുലായം രംഗത്തെത്തി. തുടർന്ന് 1992ൽ സമാജ്വാദി പാർട്ടി രൂപീകരിച്ചു. 1993ൽ ബിഎസ്പിയുമായി ചേർന്ന് തെരഞ്ഞെടുപ്പിനെ നേരിട്ടു. കോൺഗ്രസിന്റെയും ജനതാദളിന്റെയും പിന്തുണയോടെ സർക്കാർ രൂപീകരിച്ചു.
യുപിയിലെ ഇറ്റാവ ജില്ലയിലുള്ള സായ്ഫെയ് ഗ്രാമത്തിൽ സുഘർ സിങ് യാദവിന്റെയും മൂർത്തി ദേവിയുടെയും മകനായി 1939 നവംബർ 22നാണ് മുലായം ജനിച്ചത്. റാം മനോഹർ ലോഹ്യയുടെയും രാജ് നാരായണിന്റെയും ശിഷ്യനായി രാഷ്ട്രീയത്തിലിറങ്ങിയ മുലായം 1967ലാണ് ആദ്യമായി യുപി നിയമസഭയിലെത്തുന്നത്.