തൃശൂര്‍ വിവേകോദയം സ്കൂളില്‍ എയര്‍ഗണ്ണുമായി എത്തി വെടിവെയ്പ്പ് നടത്തിയ പൂര്‍വ്വ വിദ്യാര്‍ത്ഥി കസ്റ്റഡിയില്‍. സ്കൂളില്‍ രാവിലെ 11 മണിയോടെയാണ് സംഭവം. എയര്‍ഗണ്ണുമായി എത്തിയ ഇയാള്‍ ക്ലാസ് റൂമില്‍ കയറി മുകളിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു.
പൂര്‍വ്വ വിദ്യാര്‍ത്ഥി മുളയം സ്വദേശി ടി ജെ ജഗനാണ് എയര്‍ഗണ്‍ ഉപയോഗിച്ച് വെടിയുതിര്‍ത്തത്. മൂന്ന് തവണയാണ് വെടിയുതിര്‍ത്തത്. രണ്ട് അധ്യാപകരുടെ പേര് ചോദിച്ചാണ് ഭീഷണിപ്പെടുത്തിയത്. ആദ്യം സ്റ്റാഫ് റൂമിലേക്ക് അപ്രതീക്ഷിതമായി ഓടിക്കയറി എത്തിയ പ്രതി സ്കൂള്‍ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും അധ്യാപകര്‍ക്ക് നേരെ തോക്ക് ചൂണ്ടുകയുമായിരുന്നു.
പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സാധാരണ സ്കൂളിലേക്ക് എത്താറുള്ളത് പോലെ എത്തുകയായിരുന്നു. തുടര്‍ന്ന് അവിടെ എത്തിയ പ്രതി കസേരയില്‍ ഇരിക്കുകയും ബാഗില്‍ നിന്ന് എയര്‍ഗണ്‍ പുറത്തെടുത്ത് അധ്യാപകരെ ഭീഷണിപ്പെടുത്തുകയുമായിരുന്നു.
ഇയാള്‍ ക്ലാസ് മുറിയിലേക്ക് ഓടിക്കയറി കുട്ടികളെയും തോക്ക് ചൂണ്ടി വെടിവെക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതിനിടെ തന്നെ പൊലീസില്‍ വിവരമറിയിച്ചിരുന്നു.
ഇറങ്ങിയോടാന്‍ ശ്രമിച്ച പ്രതിയെ പിടിച്ചുവെച്ച് അധ്യാപകര്‍ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. അധ്യാപകരോടുള്ള പൂര്‍വ്വ വൈരാഗ്യമാണ് ഭീഷണിയ്ക്കും വെടിവെയ്പ്പിനും കാരണമെന്നാണ് വിലയിരുത്തല്‍. ഇയാള്‍ ലഹരിക്കടിമയാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് വ്യക്തമായ വിവരം പുറത്ത് വന്നിട്ടില്ല.