കൊച്ചി: കുന്നത്തുനാട് എംഎൽഎ പി.വി ശ്രീനിജിൻ്റെ പരാതിയില്‍ ഓൺലൈൻ പോർട്ടലായ മറുനാടന്‍ മലയാളി ചാനൽ ഉടമ ഷാജന് സ്കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി.
ഷാജൻ സ്കറിയയുടെ അറസ്റ്റിന് നിയമപരമായി തടസമില്ലെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തുടർന്നാണ് അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് ഷാജൻ സ്കറിയ കോടതിയെ സമീപിച്ചതും കോടതി ഈ ആവശ്യം തള്ളിയതും.
വ്യാജ വാർത്തയകളിലൂടെ വ്യക്തി അധിക്ഷേപം നടത്തിയെന്ന ശ്രീനിജിൻ്റെ പരാതിയിൽ പട്ടികജാതി അതിക്രമം തടയൽ നിയമവും ഐ.ടി നിയമങ്ങളിലെ വിവിധ വകുപ്പുകളനുസരിച്ചുമാണ് എളമക്കര പൊലീസ് മറുനാടൻ മലയാളിയുടെ എഡിറ്റർ ഷാജൻ സ്കറിയ, സി.ഇ.ഒ ആൻ മേരി ജോർജ്, ചീഫ് എഡിറ്റർ ജെ റിജു എന്നിവരെ പ്രതികളാക്കി കേസെടുത്തത്.
കഴിഞ്ഞ നിരവധി വർഷങ്ങളായി മറുനാടൻ മലയാളി തന്നെ നിരന്തരം വേട്ടയാടുകയാണെന്ന് പി.വി ശ്രീനിജിന്റെ പരാതിയിലുണ്ട്. ആസൂത്രിതമായ അജൻഡയുടെ ഭാഗമായാണ് ഇത്തരം വാർത്തകളുണ്ടാക്കുന്നതെന്ന് സംശയിക്കുന്നതായും എംഎൽഎ പരാതിയിൽ പറയുന്നു