മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കെ പി വിശ്വനാഥന് അന്തരിച്ചു. 83 വയസായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ 9.35ഓടെയായിരുന്നു അന്ത്യം.
തൃശൂര്‍ ജില്ലയിലെ കുന്നംകുളത്ത് കല്ലായിലാണ് ജനനം. രണ്ട് വട്ടം മന്ത്രിയും ആറ് വട്ടം നിയമസഭാംഗവുമായിരുന്നു. 1991-2001 വരെയുള്ള കോണ്‍ഗ്രസ് സര്‍ക്കാരിലും 2004 മുതല്‍ 2005 വരെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിലും വനം വകുപ്പ് മന്ത്രിയായിരുന്നു. രണ്ട് തവണയും കാലാവധി പൂര്‍ത്തിയാക്കാതെ രാജിവെക്കേണ്ടി വന്നു.
1967ല്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. 1970ല്‍ കുന്നംകുളത്ത് നിന്നാണ് നിയമസഭയിലേക്ക് ആദ്യം മത്സരിക്കുന്നത്. അന്ന് പരാജയപ്പെട്ടു. 77ലും 80 ലും വിജയിച്ചെങ്കിലും 82ല്‍ പരാജയപ്പെട്ടു. 87ല്‍ കൊടകരയിലേക്ക് മാറി. 2001 വരെ തുടര്‍ച്ചയായി നാല് തവണ വിജയിച്ചു.
വനം മന്ത്രിയായിരിക്കെ മയക്കുമരുന്ന് വിരുദ്ധ പ്രവര്‍ത്തനങ്ങളിലും വന സംരക്ഷണത്തിലും കൈവരിച്ച പ്രകടനത്തിന് ആന്റി നാര്‍ക്കോട്ടിക് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ദേശീയ അവാര്‍ഡ് നേടി. കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം, തൃശൂര്‍ ഡി.സി.സി സെക്രട്ടറി, കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അംഗം, ഖാദി ബോര്‍ഡ് അംഗം, കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡ് അംഗം തുടങ്ങി നിരവധി മേഖലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.