ഇടുക്കി: പെരിയാർ കടുവ കേന്ദ്രത്തിലേക്ക് മാറ്റിയ അരിക്കൊമ്പൻ വനത്തിൽ റോന്ത് ചുറ്റുന്നത് തുടരുന്നു. കാടിനും കാട്ടുമൃഗങ്ങൾക്കും അതിർത്തിയില്ലെങ്കിലും പെരിയാറിലെത്തിയ അരിക്കൊമ്പൻ കേരള – തമിഴ്നാട് അതിർത്തിയിൽ ചുറ്റിക്കറങ്ങുകയാണെന്നാണ് വനംവകുപ്പ് പറയുന്നത്. അരിക്കൊമ്പനെ കേരള വനംവകുപ്പിനൊപ്പം തമിഴ്നാട് വനംവകുപ്പും നിരീക്ഷിക്കുന്നുണ്ട്.
ഇന്നലെ തമിഴ്നാട് വനത്തിലെ വട്ടത്തൊട്ടി മേഖല വരെ സഞ്ചരിച്ച അരിക്കൊമ്പൻ തിരികെ മേദകാനം ഭാഗത്തെ വനമേഖലയിലേക്ക് എത്തി. പെരിയാർ വന്യജീവി സങ്കേതത്തിലെ മേദകാനം ഭാഗത്തു നിന്ന് 20 കിലോമീറ്ററോളം സഞ്ചരിച്ചാണ് അരിക്കൊമ്പൻ തിമിഴ്നാട്ടിലെ ശ്രീവെല്ലി പുത്തൂർ മേഖല കടുവ സങ്കേതത്തിലെത്തിയത്.കാട്ടിനുള്ളിലെ ക്ഷേത്രമായ മംഗളദേവിയിൽ ഉത്സവം നടക്കുന്നതിനാൽ ഈ ഭാഗത്ത് കൂടുതൽ വനപാലകരെ നിയോഗിച്ചിരിക്കുകയാണ്.
കേരളത്തിലെയും തമിഴ്നാട്ടിലെയും വനമേഖലയിൽ നിന്നും മാറി മാറി വനംവകുപ്പിന് നിലവിൽ സിഗ്നലുകൾ ലഭിക്കുന്നുണ്ട്. അരിക്കൊമ്പൻ പലഭാഗത്തായി സഞ്ചരിക്കുന്നുണ്ടെന്നാണ് വനംവകുപ്പ് പറയുന്നത്. നിരീക്ഷണത്തിനായി നിയോഗിച്ച സംഘം മംഗളാദേവി ഭാഗത്തെ മലനിരകളിൽ അരിക്കൊമ്പനെ നേരിട്ട് കാണുകയും ചെയ്തു.
ചിന്നക്കനാലിലേക്ക് തന്നെ അരിക്കൊമ്പൻ തിരികെയെത്തുമോ എന്നതാണ് ഉയരുന്ന ചോദ്യം. റേഡിയോ കോളർ കഴുത്തിലുളളതുകൊണ്ട് കൊമ്പൻറെ മടങ്ങി വരവ് തടയാനാകുമെന്ന് വനം വകുപ്പ് ഉറപ്പു പറയുന്നു. അതിർത്തി വനമേഖലയിൽ തന്നെ ചുറ്റിത്തിരിയുന്ന അരിക്കൊമ്പനെ സൂക്ഷ്മം നിരീക്ഷിക്കുന്ന മറ്റൊരു കൂട്ടരുണ്ട്. അത് തമിഴ്നാട് വനം വകുപ്പാണ്.
കുമളി മുതൽ ശ്രീവല്ലിപൂത്തർവരെ 90 കിലോമീറ്ററോളം സംസ്ഥാന അതിർത്ത് വനപ്രദേശമാണ്. വനാതിർത്തിൽ നിന്നും അധികം അകലെയല്ലാതെ ഗ്രാമങ്ങളുമുണ്ട്. നിലവിൽ ആന നിലയുറപ്പിച്ചിരിക്കുന്ന വണ്ണാന്തുറ മേഖലയിൽ നിന്ന് തമിഴ് നാട്ടിലെ ജനവാസ മേഖലയിലേക്ക് കാട്ടാനകൾ എത്താറുണ്ട്. മറുവശത്തേക്ക് സഞ്ചരിച്ച് ചിന്നക്കനാലിലേക്കെത്താനുള്ള സാധ്യത വനം വകുപ്പും തള്ളിക്കളയുന്നില്ല. നൂറ് കിലോമീറ്ററിലധികം വഴി കണ്ടുപിടിച്ചെത്താൻ കാലങ്ങളെടുക്കും. റേഡിയോ കോളർ കഴുത്തിലുള്ളതിനാൽ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നതും ചിന്നക്കനാലിലേക്കുള്ള യാത്രയും തടയാനാകുമെന്നാണ് വനംവകുപ്പ് ഉറപ്പു നൽകുന്നത്.
പെരിയാറിലെത്തിയ ശേഷം ബോർഡർ നോക്കാതെ സഞ്ചരിക്കുന്ന അരിക്കൊമ്പൻ പലവിധേനേയും ചിന്നക്കന്നാലിൽ തിരിച്ചെത്തുമോ എന്ന സംശയം പലരും പങ്കുവച്ചിരുന്നു. റേഡിയോ കോളർ വച്ച് അരിക്കൊമ്പനെ നിരന്തരം നിരീക്ഷിക്കുന്നതിനാൽ ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നാണ് വനംവകുപ്പ് പറയുന്നത്. എന്നാൽ ഇടയ്ക്കിടെ അരിക്കൊമ്പൻ ഔട്ട് ഓഫ് റേഞ്ച് ആവുന്നതിൽ വനംവകുപ്പിനെ കുഴപ്പിക്കുന്നുണ്ട്. ചോലക്കാടുകളിലേക്കും മറ്റും അരിക്കൊമ്പൻ കയറിയാൽ സിഗ്നൽ ലഭിക്കാൻ തടസ്സം നേരിടുന്ന അവസ്ഥയാണ്.
വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ എന്ന സംഘടന വനംവകുപ്പിന് കൈമാറിയ ജിപിഎസ് കോളർ വച്ചാണ് അരിക്കൊമ്പനെ ട്രാക്ക് ചെയ്യുന്നത്. അരിക്കൊമ്പൻ്റെ കഴുത്തില്ലാണ് ഈ ജിപിഎസ് കോളർ ഘടിപ്പിച്ചിരിക്കുന്നത്. ഇതിൽ നിന്നുള്ള സിഗ്നലുകൾ ഉപഗ്രഹങ്ങളിലേക്കാണ് പോകുന്നത്. 26 ഉഹഗ്രഹങ്ങളുമായാണ് ഇതിനെ ബന്ധിപ്പിച്ചിരിക്കുന്നത്. ഓരോ മണിക്കൂറിലും ആന നിൽക്കുന്ന സ്ഥലം സംബന്ധിച്ച സിഗ്നൽ കോളറിൽ നിന്നും പുറപ്പെടും. ആ സമയത്ത് ഇതുമായി ബന്ധപ്പെടുത്തിയിരിക്കുന്ന ഉപഗ്രഹം സിഗ്നൽ സ്വീകരിക്കും.
ആഫ്രിക്കൻ എലിഫൻറ് ട്രാക്കർ എന്ന വെബ് പോർട്ടൽ വഴിയാണ് വനംവകുപ്പിന് സിഗ്നൽ സംബന്ധിച്ച വിവരം ലഭിക്കുന്നത്. വനംവകുപ്പിലെചില ഉദ്യോഗസ്ഥർക്ക് മാത്രമാണ് ഇതിൽ പ്രവേശിച്ച് സിഗ്നൽ സംബന്ധിച്ച വിവരം ശേഖരിക്കാൻ കഴിയുക. മഴക്കാറുള്ളപ്പോഴും ഇടതൂർന്ന് മരങ്ങളുള്ള വനത്തിലും കോളറിൽ നിന്നും പുറപ്പെടുന്ന സിഗ്നൽ ഉപഗ്രഹത്തിൽ ലഭിക്കാതെ വരും. നിലവിൽ ഓരോ മണിക്കൂർ ഇടവിട്ട് സിഗ്നൽ ലഭിക്കുന്ന വിധത്തിലാണ് ക്രമീകരണം.
ഇതോടൊപ്പം വിഎച്ച്എഫ് ആൻറിന ഉപയോഗിച്ചും ആനയെ നിരീക്ഷിക്കാനാവും. മൊബൈൽ റേഞ്ച് പോലെ ആന നിശ്ചിത ദൂരപരിധിയിൽ എത്തിയാൽ ഈ രീതിയിൽ ട്രാക്ക് ചെയ്യാനാവും. ഇതിനെല്ലാം പുറമെ വനപാലകരുടെ ഒരു പ്രത്യേക സംഘം അരിക്കൊമ്പനെ നിരീക്ഷിക്കുന്നുണ്ട്. ഇന്നലെ മംഗളദേവി വനമേഖലയിൽ എത്തിയ ഈ സംഘം ആനയെ നേരിൽ കണ്ടിരുന്നു.