കോഴിക്കോട്: കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി ചൊക്ലി മേനപ്രം പുതുക്കുടി സ്വദേശി പുഷ്പന് വിടവാങ്ങി. 54 വയസ്സായിരുന്നു. 1994-ൽ നടന്ന കൂത്തുപറമ്പ് വെടിവയ്പ്പിൽ കഴുത്തിന് താഴെ സുഷ്മന നാഡിയിൽ വെടിയേറ്റതോടെയാണ് പുഷ്പൻ കിടപ്പിലായത്. സാധാരണ കർഷക കുടുംബത്തിലെ അംഗമായ പുഷ്പൻ്റെ പിന്നീടുള്ള ജീവിതം പാർട്ടിയുടെ സംരക്ഷണയിലായിരുന്നു.
ആഗസ്റ്റ് രണ്ടിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് പുഷ്പനെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിൽ കഴിയുന്നതിനിടെ പുഷ്പന് ഹൃദയാഘാതം സംഭവിക്കുകയും പിന്നീട് വെൻ്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ശനിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് പുഷ്പന് മരണം സംഭവിച്ചത്. സിപിഎമ്മിൻ്റെ ജീവിക്കുന്ന രക്തസാക്ഷിയായിട്ടാണ് പുഷ്പനെ വിശേഷിപ്പിക്കാറുള്ളത്.
കര്‍ഷക തൊഴിലാളി കുടുംബത്തില്‍ പിറന്ന പുഷ്പൻ എട്ടാം ക്ലാസിൽ പഠിപ്പ് നിർത്തി പണിക്ക് ഇറങ്ങിയതാണ്. നാട്ടില്‍ സജീവ പാര്‍ട്ടി പ്രവര്‍ത്തകനായിരുന്ന പുഷ്പന് പിന്നീട് കുടുംബം പുലര്‍ത്താനായി ബംഗളൂരുവിലേക്ക് വണ്ടി കയറി. അവിടെ പലചരക്ക് കടയിലായിരുന്നു ജോലി. അവധിക്ക് നാട്ടിലെത്തിയപ്പോള്‍ സ്വാശ്രയ കോളജ് വിരുദ്ധ സമരം കേരളത്തില്‍ ആളിക്കത്തുകയാണ്. ഡിവൈഎഫ്ഐ പ്രവർത്തകനായ പുഷ്പനും അതിന്റെ ഭാഗമായി.
1994 നവംബര്‍ 25 വെള്ളിയാഴ്ച കൂത്തുപറമ്പിൽ അര്‍ബന്‍ ബാങ്ക് സായാഹ്ന ശാഖ ഉദ്ഘാടനത്തിനെത്തിയതായിരുന്നു സഹകരണ മന്ത്രിയായിരുന്ന എംവി രാഘവന്. സിപിഎം വിട്ടു യുഡിഎഫിലെത്തിയ രാഘവനെ തടയുമെന്ന ഉറച്ച പ്രഖ്യാപനത്തിലായിരുന്നു അന്ന് ഡിവൈഎഫ്ഐ. ചടങ്ങില്‍ അധ്യക്ഷത വഹിക്കേണ്ടിയിരുന്ന മന്ത്രി എന്‍ രാമകൃഷ്ണന് സംഘര്‍ഷ സാധ്യതയുണ്ടെന്ന പൊലീസ് മുന്നറിയിപ്പിനെത്തുടര്‍ന്ന് പിന്മാറിയെങ്കിലും രാഘവന് ഉറച്ച് നിന്നു. ഇതോടെ രാഘവനെ കൂത്തുപറമ്പിൽ കാല് കുത്താൻ അനുവദിക്കില്ലെന്ന വാശിയോടെ കൂത്തുപറമ്പിലും പരിസര പ്രദേശങ്ങളിലുമായി രണ്ടായിരത്തോളം ഡിവൈഎഫ്ഐ പ്രവർത്തകർ സംഘടിച്ചു.
സംഘർഷഭരിതമായ അന്തരീക്ഷത്തിലേക്ക് മന്ത്രി എംവി രാഘവൻ എത്തിയതോടെ ഡിവൈഎഫ്ഐ പ്രവർത്തകർ ഇരച്ചെത്തി. പിന്നാലെ പൊലീസിന് നേരെ കല്ലേറ് ആരംഭിച്ചു. നിൽക്കകള്ളിയില്ലാതെ വന്നതോടെ പൊലീസ് പ്രവർത്തകർക്ക് നേരെ വെടിവയ്പ്പ് നടത്തി. രണ്ട് ഘട്ടമായി പൊലീസ് നടത്തിയ വെടിവയ്പ്പിൽ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡണ്ട് കെകെ രാജീവന്, ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ വി റോഷന്, പ്രവര്‍ത്തകരായ ഷിബുലാല്‍, മധു, ബാബു എന്നിവര്‍ കൊല്ലപ്പെട്ടു. പുഷ്പനടക്കം മറ്റ് അഞ്ച് പ്രവർത്തകർക്ക് കൂടി വെടിയേറ്റു. എന്നാൽ കഴുത്തിന് താഴെ സുഷ്മനാഡിയിൽ വെടിയേറ്റ പുഷ്പൻ പിന്നീടൊരിക്കലും സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നില്ല. കഴുത്തിന് താഴേക്ക് തളര്‍ന്ന പുഷ്പന് അന്ന് മുതല്‍ കിടപ്പിലായിരുന്നു പാര്‍ട്ടിയുടെ വലയത്തിലായിരുന്നു പിന്നിടുളള ജീവിതം. സംഭവം നടക്കുമ്പോൾ സിപിഐ എം നോര്‍ത്ത് മേനപ്രം ബ്രാഞ്ചംഗമായിരുന്നു പുഷ്പൻ.
കര്‍ഷകതൊഴിലാളികളായ പരേതരായ കുഞ്ഞിക്കുട്ടിയുടെയും ലക്ഷ്മിയുടെയും ആറുമക്കളില്‍ അഞ്ചാമനാണ് പുഷ്പന്. സഹോദരങ്ങള്‍: ശശി, രാജന്, അജിത (പുല്ലൂക്കര), ജാനു, പ്രകാശന് (താലൂക്ക് ഓഫീസ് തലശേരി). രണ്ട് വർഷം മുൻപ് ഡിവൈഎഫ്ഐ മുൻകൈയ്യെടുത്ത് നിർമ്മിച്ചു നൽകിയ പുതിയ വീട്ടിലേക്ക് പുഷ്പൻ താമസം മാറിയത്. കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചപ്പോൾ തലശ്ശേരി തലശേരി ടൗണ്‍ഹാളിൽ വിട ചൊല്ലാനായിട്ടാണ് പുഷ്പൻ അവസാനമായി വീട് വിട്ടു പുറത്തേക്ക് വന്നത്.
ചെഗുവേരയുടെ മകള്‍ അലിഡ ഗുവേര ഉള്‍പ്പെടെ അനേകായിരം പേർ പുഷ്പനെ കാണാനായി അദ്ദേഹത്തിൻ്റെ വീട്ടിലെത്തിയിട്ടുണ്ട്. സ്വാശ്രയ വിദ്യാഭ്യാസ്ഥ സ്ഥാപനങ്ങൾക്കെതിരായ സമരത്തിൽ പങ്കെടുത്താണ് പുഷ്പന് വെടിയേറ്റതും പിന്നീട് ജീവിക്കുന്ന രക്തസാക്ഷിയായി മാറിയതും. സ്വാശ്രയ വിഷയത്തിൽ സിപിഎമ്മിൻ്റേയും ഇടതുമുന്നണിയുടേയും നയം മാറുന്നത് പുഷ്പൻ കണ്ടു. ബദ്ധശത്രുവായിരുന്ന എംവി രാഘവനോട് പാർട്ടി കൂട്ടുകൂടുന്നതും അദ്ദേഹത്തിൻ്റെ മകൻ എംവി നികേഷ് കുമാർ ഇടത് സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിനും പുഷ്പൻ സാക്ഷിയായി. എന്നാൽ അതിലൊന്നും പുഷ്പൻ നീരസം പറഞ്ഞില്ല. വെടിയേറ്റ വീണതിന് മുൻപും ശേഷവും പുഷ്പൻ ജീവിച്ചത് പാർട്ടിക്ക് വേണ്ടി മാത്രമായിരുന്നു.