മന്ത്രാലയത്തിന്റെ അബ്ഷിർ പ്ലാറ്റ്ഫോം വഴി പ്രവാസികൾക്ക് ഓൺലൈൻ ജനന രജിസ്ട്രേഷൻ സൗകര്യം ലഭ്യമാകുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ സിവിൽ സ്റ്റാറ്റസ് ഏജൻസി അറിയിച്ചു. ഇലക്ട്രോണിക് രീതിയിൽ ജനന രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയശേഷം, അവരുടെ വിലാസങ്ങളിലേക്ക് ജനന സർട്ടിഫിക്കറ്റ് അയക്കുന്നതിന് അഭ്യർഥന നൽകാമെന്ന് ഏജൻസി വെളിപ്പെടുത്തി.
പുതിയ നിയമം പ്രവാസികൾക്ക് ഏറെ സൗകര്യപ്രദവും ഇതിലെ നടപടികൾ വളരെ ലളിതവുമാണ്. ആദ്യം അബ്ഷിർ പോർട്ടലിൽ ലോഗിൻ ചെയ്തതിന് ശേഷം ജനന രജിസ്ട്രേഷൻ സേവനം തിരഞ്ഞെടുക്കുക. ശേഷം ആവശ്യമായ വ്യക്തിഗത വിവരങ്ങൾ നൽകണം. തുടർന്ന് ജനന രജിസ്ട്രേഷൻ രേഖപ്പെടുത്തുക. രേഖകളും ഡെലിവറിയും തെരഞ്ഞെടുത്താൽ സർട്ടിഫിക്കറ്റ് നേരിട്ട് വീട്ടിലെത്തും.
എന്നാൽ ഇതുവരെ ജനനസർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് സിവിൽ അഫയേഴ്സ് (അഹ്വാൽ മദനി) മന്ത്രാലയത്തിൽ മുൻകൂട്ടി ഓൺലൈൻ അപ്പോയ്മെന്റ് എടുക്കണമായിരുന്നു. അതിനു ശേഷം ജനന രജിസ്ട്രേഷൻ ഓഫിസിൽ നേരിട്ടെത്തി ജനന സർട്ടിഫിക്കറ്റ് കൈപ്പറ്റേണ്ടിയിരുന്ന നടപടിയാണ് ഇപ്പോൾ ലളിതമാക്കിയത്.