ഏക സിവില്‍ കോഡിനെതിരെ സി.പി.ഐ.എം സംഘടിപ്പിക്കുന്ന സെമിനാറില്‍ മുന്നണികള്‍ക്കിടയില്‍ ഭിന്നാഭിപ്രായമില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. സി.പി.ഐ സെമിനാറില്‍ പങ്കെടുക്കുമെന്നും എം.വി ഗോവിന്ദന് അറിയിച്ചു.
കോഴിക്കോട്ട് വെച്ച് സംഘടിപ്പിക്കുന്ന പരിപാടിയില്‍ താത്പര്യമുള്ളവര്‍ക്കെല്ലാം പങ്കെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിനെ ക്ഷണിക്കാത്തത് കോണ്‍ഗ്രസിന് ഈ വിഷയത്തില്‍ നിലപാട് ഇല്ലാത്തതിനാലാണ്. വിവിധ സംസ്ഥാനങ്ങളില്‍ സിവില്‍ കോഡ് വിഷയത്തില്‍ കോണ്‍ഗ്രസിന് വിവിധ അഭിപ്രായമാണെന്നും എം.വി ഗോവിന്ദന് പറഞ്ഞു.
ഏകസിവില്‍കോഡ് നടപ്പിലാക്കല്‍ ബാബ്റി മസ്ജിദ് തകര്‍ത്തതുപോലെ തന്നെയുള്ള നടപടിയാണ്. ഹിന്ദുത്വ അജണ്ട നടപ്പിലാക്കുക എന്ന് പറയുന്നത് വര്‍ഗീയ നിലപാട് സ്വീകരിക്കല്‍ തന്നെയാണ്. ഇന്ത്യയ്ക്ക് അങ്ങനെ നിലനില്ക്കാനാവില്ല. വൈവിധ്യമുള്ള രാജ്യത്ത് വൈവ്യധ്യത്തെ അംഗീകരിക്കില്ല എന്ന നിലപാട് സ്വീകരിച്ചുകൊണ്ട് ഒരു രാജ്യത്തിനും നിലനില്ക്കാന് സാധിക്കില്ല. മണിപ്പൂരില്‍ അതാണ് കാണിച്ചുകൊണ്ടിരിക്കുന്നത്. ആ കലാപമുണ്ടാക്കുന്നതിന് എതിരാണ് ഞങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടമെന്നും എം വി ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു.
വ്യക്തിനിയമങ്ങളില്‍ പരിഷ്കരണം വേണമെന്നത് മുമ്പേ വ്യക്തമാക്കിയ കാര്യമാണ്. സ്ത്രീ പുരുഷ സമത്വം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വ്യക്തിനിയമത്തിലുണ്ടാകേണ്ട മാറ്റം അനിവാര്യമാണെന്ന് ഭരണഘടന തന്നെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ അതിന് മുമ്പ് നടക്കേണ്ട പ്രക്രിയകള്‍ ഇവിടെ നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.