ദില്ലി: ഇന്ത്യയും കാനഡയുമായുള്ള നയതനന്ത്ര പ്രതിസന്ധി മുറുകുന്നതിനിടെ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. പുതിയ പാർലമെൻ്റെ കെട്ടിട്ടത്തിൽ വച്ചാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയുടെ വിശദാംശങ്ങളൊന്നും ലഭ്യമല്ല.
കാനഡയുടെ പാർലമെൻ്റായ ഹൗസ് ഓഫ് കോമൺസിൽ നടത്തിയ പ്രസംഗത്തിൽ ഖലിസ്ഥാൻ ടൈഗർ ഫോഴ്സ് നേതാവ് ഹർദിപ് സിംഗ് നിജ്ജാറിനെ കൊലപാതകവുമായി ഇന്ത്യൻ ഏജൻ്റുമാർക്ക് ബന്ധമുള്ളതിന് തെളിവുകൾ ലഭിച്ചതായി ജസ്റ്റിൻ ട്രൂഡോ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ കാനഡയിലെ ഇന്ത്യൻ എംബസിയിലെ ഉന്നത നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കി. മറുപടിയായി ഇന്ത്യയിലെ കനേഡിയൻ എംബസിയിലെ രഹസ്യാന്വേഷണവിഭാഗം മേധാവി ഇന്ത്യയും പുറത്താക്കിയിരുന്നു.
കാനഡയുമായുള്ള നയതന്ത്രബന്ധം വെട്ടിചുരുക്കുന്നതുമായി ബന്ധപ്പെട്ട നിർണായക തീരുമാനങ്ങൾ വൈകാതെ ഇന്ത്യയിൽ നിന്നുണ്ടാവും എന്നാണ് റിപ്പോർട്ടുകൾ. കാനഡയിലെ ഇന്ത്യക്കാരേയും അങ്ങോട്ട് കുടിയേറാൻ ശ്രമിക്കുന്നവരേയും പുതിയ പരിഷ്കാരം എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം. ജസ്റ്റിൻ ട്രൂഡോ പ്രധാനമന്ത്രിയായ ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരെ മോശമായ രീതിയിലാണ്.
ഇന്ത്യയിൽ നിരോധിക്കപ്പെട്ട ഖാലിസ്ഥാൻ ടൈഗർ ഫോഴ്സിന്റെ (കെടിഎഫ്) തലവനുമായിരുന്നു, ജൂൺ 18 ന് ബ്രിട്ടീഷ് കൊളംബിയയിലെ സറേയിലെ ഒരു ഗുരുദ്വാരയ്ക്ക് പുറത്ത് വെച്ചാണ് ഇയാൾ വധിക്കപ്പെട്ടത്. ഡൽഹിയിൽ അടുത്തിടെ സമാപിച്ച ജി 20 ഉച്ചകോടിക്കിടെ ട്രൂഡോയും പ്രധാനമന്ത്രി മോദിയും തമ്മിൽ പ്രശ്നം ചർച്ച ചെയ്യുക്കുയും ഇരുവരും തമ്മിൽ വാദപ്രതിവാദമുണ്ടായതായും റിപ്പോർട്ടുകളുണ്ടായിരുന്നു. അമേരിക്കയെ ഒപ്പം നിർത്തി വിഷയത്തിൽ സംയുക്ത പ്രസ്താവനയ്ക്കും ട്രൂഡോ സർക്കാർ ശ്രമം നടത്തിയതായും വിവരമുണ്ട്.