അബുദാബി: അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ പുതുതായി ആരംഭിച്ച ടെർമിനൽ എ (ടി.എ)യിലേക്ക് പ്രവർത്തനം മാറ്റുന്നതായി എയർഇന്ത്യ എക്സപ്രസ്സ് അറിയിച്ചു. കോഴിക്കോട്, കണ്ണൂർ, കൊച്ചി,മംഗലാപുരം, തിരുവനന്തപുരം, തിരുച്ചിറപ്പള്ളി തുടങ്ങി വിവിധ നഗരങ്ങളിലേക്ക് ആഴ്ചയിൽ 29 സർവ്വീസുകൾ എയർഇന്ത്യ എക്സ്പ്രസ്സ് അബുദാബിയിൽ നിന്നും നടത്തുന്നുണ്ട്. ശീതകാല ഷെഡ്യൂളിൽ ഡിസംബറിൽ ഈ സർവ്വീസുകളുടെ എണ്ണം 31 ആയി വർധിപ്പിക്കും.

പ്രതിവർഷം നാലരക്കോടിയോളം യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ട് പുതിയ ടെർമിനലിന്. അബുദാബി ഇൻ്റർനാഷണൽ എയർപോർട്ടിൻ്റെ വിപുലീകരണ പദ്ധതികളുടെ ഭാഗമായാണ് അൽ മതാർഏരിയയിലെ ഈ അത്യാധുനിക ടെർമിനൽ. ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിലെ ഇ 10 വഴി പുതിയ ടെർമിനലിലേക്ക് എത്തിച്ചേരാനാകും. പാസ്പോർട്ട് സ്കാനിംഗ്, ഐ സ്കാനിംഗ് സൌകര്യങ്ങളുള്ള 34 ഇ ഗേറ്റുകളും 38 ഇമിഗ്രേഷൻ കൌണ്ടറുകളും യാത്രക്കാർക്കായി ടെർമിനലിൽ സജ്ജമാക്കിയിട്ടുണ്ട്.

