യു എ ഇയിൽ മൂടൽ മഞ്ഞ് ശക്തമാവുന്നതിനാൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. റോഡിന്റെ വേഗ പരിധി മാറുന്നത് ശ്രദ്ധിക്കണമെന്നും ജാഗ്രത പുലർത്തണമെന്നും വാഹനമോടിക്കുന്നവരോട് അബുദാബി പോലീസ് അഭ്യർത്ഥിച്ചു. യാത്രക്കാർ ട്രാഫിക് നിയന്ത്രണങ്ങൾ പാലിക്കണമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയും അറിയിച്ചിട്ടുണ്ട്. അബുദാബി അൽഗവായിഫത്ത് റൂട്ടിലെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഇന്റർനാഷണൽ റോഡിൽ വേഗത കുറയ്ക്കൽ സംവിധാനം സജീവമാക്കിയിട്ടുണ്ട്.
രാജ്യത്തെ താപനില 45 ഡിഗ്രി സെൽഷ്യസായി ഉയരും. അബുദാബിയിൽ 41 ഡിഗ്രി സെൽഷ്യസും ദുബൈയിൽ 38 ഡിഗ്രി സെൽഷ്യസും മെർക്കുറി ഉയരാം. ചില പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ അന്തരീക്ഷം 20 മുതൽ 90 ശതമാനം വരെ ഈർപ്പമുള്ളതായിരിക്കും. അന്തരീക്ഷത്തിൽ നേരിയ കാറ്റ് വീശും. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും സ്ഥിതി നേരിയ തോതിലായിരിക്കുമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.