അബുദാബിയിൽ താമസിക്കാൻ ആഗ്രഹിക്കുന്ന പ്രവാസി നിക്ഷേപകർക്കും, സംരംഭകർക്കുമായി പ്രത്യേക ഫ്ലെക്സിബിൾ ഹെൽത്ത് ഇൻഷുറൻസ് തിരഞ്ഞെടുക്കാൻ അവസരം നൽകുമെന്ന് അധികൃതർ. 2023 ഫെബ്രുവരി 16നാണ് അബുദാബി മീഡിയ ഓഫീസ് അറിയിപ്പ് നൽകിയത്.
അബുദാബി ഡിപ്പാർട്മെൻ്റ് ഓഫ് ഹെൽത്ത്, അബുദാബി ഡിപ്പാർട്മെൻ്റ് ഓഫ് ഇക്കണോമിക് ഡവലപ്മെൻ്റ് എന്നിവർ സംയുക്തമായാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഫ്ലെക്സിബിൾ ഹെൽത്ത് ഇൻഷുറൻസ് തെരഞ്ഞെടുക്കുന്നതിലൂടെ പ്രവാസി സംരംഭകർക്ക് കുറഞ്ഞ ചെലവിൽ ആരോഗ്യ സുരക്ഷാ പരിരക്ഷ ഉറപ്പ് വരുത്താൻ അവസരം ലഭിക്കും.
ആവശ്യമെങ്കിൽ ഇൻഷുറൻസ് പരിരക്ഷ ഉയർത്താനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്നവരും, ചുരുങ്ങിയത് അയ്യായിരം ദിർഹമോ കൂടുതലോ മാസവരുമാനം ഉള്ളവരുമായ പ്രവാസികൾക്കും ഫ്ലെക്സിബിൾ ഹെൽത്ത് ഇൻഷുറൻസ് പദ്ധതികളുടെ ആനുകൂല്യം ലഭിക്കും.
ഫ്രീ ബിസിനസ് ലൈസൻസുള്ളവർ, നിക്ഷേപകർ, ഇവരുടെ കുടുംബാംഗങ്ങൾ, ഇവരുടെ ജീവനക്കാർ, മറ്റു ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തവരായ കുടുംബാംഗങ്ങൾ തുടങ്ങിയവർക്കും വ്യവസ്ഥകളോടെ പദ്ധതിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്താവുന്നതാണ്.