അബുദാബിയിൽ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ വർധിപ്പിച്ചു. വിവിധ കുറ്റകൃത്യങ്ങൾക്ക് 50,000 ദിർഹം അതായത് 10 ലക്ഷത്തോളം രൂപ വരെ പിഴ ഈടാക്കുമെന്ന് പൊലീസിൻ്റെ അറിയിപ്പ്. ട്രാഫിക് നിയമലംഘനങ്ങൾ കുറക്കാൻ നടപടി സ്വീകരിക്കുന്നതിൻ്റെ ഭാഗമായാണ് തീരുമാനം.
ഇതനുസരിച്ച് റോഡിൽ റേസിങ് നടത്തിയാൽ 50,000 ദിർഹം വരെ പിഴ ചുമത്തും. കൂടാതെ, വാഹനം പിടിച്ചെടുക്കുകയും ചെയ്യും. നമ്പർ പ്ലേറ്റില്ലാതെ വാഹനം ഓടിക്കുക, പൊലീസ് വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തുക, ട്രാഫിക് സിഗ്നൽ ലംഘിക്കുക എന്നിവയ്ക്കും പിഴ 50,000 ദിർഹം വരെ ഈടാക്കാം. കാൽനടയാത്രക്കാർക്ക് മുൻഗണന നൽകാത്തപക്ഷം 5000 ദിർഹം വരെയാണ് പിഴ.
അമിത വേഗം, മുന്നറിയിപ്പില്ലാതെ വാഹനത്തിന്റെ ഗതി മാറ്റൽ, ദൂരപരിധി പാലിക്കാതിരിക്കുക, അഞ്ചുവയസിന് താഴെയുള്ള കുട്ടികളെ മുൻസീറ്റിൽ ഇരുത്തുക എന്നിവ ചെയ്താൽ 5000 ദിർഹം വരെ പിഴ ചുമത്തും. പെർമിറ്റില്ലാതെ എന്‍ജിനിൽ ഉൾപ്പെടെ മാറ്റം വരുത്തിയാൽ പിഴ 10,000 ദിർഹമാണ്.
പിഴയ്ക്കൊപ്പം വാഹനങ്ങൾ പിടിച്ചെടുക്കാനും പൊലീസിന് അധികാരമുണ്ട്. പിടിച്ചെടുത്തവ മൂന്നുമാസം കഴിഞ്ഞാൽ ലേലത്തിൽ വിൽക്കുമെന്ന് അബുദാബി പൊലീസ് അറിയിച്ചു.