ടെന്നിസ് ഇതിഹാസം റോജർ ഫെഡറർ കളിക്കളത്തോട് യാത്ര പറയുമ്പോൾ കണ്ണീരണിയുന്ന റാഫേൽ നദാലിൻ്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു. ഇതോടെ ടെന്നീസ് കോർട്ടിൽ പരസ്പരം പോരടിച്ചിരുന്ന ഇരുവരും തമ്മിലുള്ള ആത്മബന്ധത്തെ സൈബർ ലോകം വാഴ്ത്തുകയാണ്. സ്വിസ് താരമായ റോജർ ഫെഡറർ ലോകമെമ്പാടുമുള്ള കായിക പ്രേമികളുടെ സ്നേഹം പിടിച്ചുപറ്റിയിരുന്നു. ഇനി കളിക്കളത്തിലേക്കില്ലെന്ന വാർത്ത നിരവധിപേരെയാണ് നിരാശയിലാഴ്ത്തിയത്.
റോജർ ഫെഡററുടെ അവസാന മത്സരം വികാരനിർഭരമായിരുന്നു. പരാജയത്തോടെയാണ് താരം കളിക്കളത്തോട് വിടപറഞ്ഞത്. യൂറോപ്പ് ടീമിനു വേണ്ടി ഇറങ്ങിയ ഫെഡററും റാഫേൽ നദാലും അടങ്ങുന്ന സഖ്യം ലോക ടീമിനു വേണ്ടി ഇറങ്ങിയ ജാക് സോക്ക്- ഫ്രാൻസസ് ടിയെഫോ സഖ്യത്തോട് അവസാന നിമിഷത്തിൽ പരാജയപ്പെടുകയായിരുന്നു. എന്നാൽ മത്സരത്തിനു ശേഷം ഫെഡററിനും നദാലിനും കണ്ണീരടക്കാനായില്ല.
ടെന്നീസ് കോർട്ടിൽ ഫെഡററുടെ ഏറ്റവും വലിയ എതിരാളികളിൽ ഒരാളായിരുന്നു റാഫേൽ നദാൽ. പക്ഷെ, കളിക്കളത്തിനു പുറത്ത് ഇരുവരും വളരെ നല്ല സുഹൃദ്ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. ലേവർ കപ്പിനു ശേഷം വിരമിക്കൽ പ്രഖ്യാപിച്ച ഫെഡററിന് വികാരനിർഭരമായ ആശംസയും നദാൽ പങ്കുവച്ചിരുന്നു. ചിരവൈരികൾക്ക് പരസ്പരം ഇങ്ങനെ വികാരഭരിതരാവാൻ കഴിയുമെന്ന് ആരുകണ്ടു എന്ന കമന്റുമായി ഇന്ത്യൻ ക്രിക്കറ്റ് താരം കോലിയുമെത്തി. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് നദാലിനെയും ഫെഡററെയും പുകഴ്ത്തി കോലി രംഗത്തുവന്നത്.
24 വർഷത്തെ കരിയറിൽ 1500ലധികം മത്സരങ്ങളാണ് ഇതുവരെ ഫെഡറർ കളിച്ചിട്ടുള്ളത്. ആകെ 20 കരിയർ ഗ്രാൻഡ്സ്ലാമുകൾ ഫെഡറർ നേടിയിട്ടുണ്ട്. തുടർച്ചയായി 237 ആഴ്ചകൾ ഒന്നാം സ്ഥാനം നേടിയിട്ടുള്ള മികച്ച ടെന്നീസ് താരമെന്ന നേട്ടവും ഫെഡറർക്ക് സ്വന്തം. എന്നാൽ താരത്തെ കഴിഞ്ഞ 3 വർഷമായി പരുക്കുകൾ അലോസരപ്പെടുത്തുന്നുണ്ടായിരുന്നു. ഇതിന് ശേഷമാണ് വിരമിക്കൽ പ്രഖ്യാപിച്ചത്.