യുവ ഡോക്ടര്‍ ഷഹന ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഷഹനയുമായി വിവാഹം ഉറപ്പിച്ചിരുന്ന ഡോ. റുവൈസിന്റെ പിതാവിന്റെ പങ്കും അന്വേഷിക്കാന്‍ പൊലീസ്. റുവൈസിന്റെ പിതാവിനെ പൊലീസ് ചോദ്യം ചെയ്തേക്കും.
സ്ത്രീധനം ചോദിച്ചതില്‍ പിതാവിനും പങ്കുണ്ടെന്ന് ഷഹനയുടെ വീട്ടുകാര്‍ നല്കിയ മൊഴിയില്‍ പറയുന്നുണ്ട്. ചോദ്യം ചെയ്ത ശേഷം പ്രതി ചേര്‍ക്കുന്നത് സംബന്ധിച്ച കാര്യത്തില്‍ തീരുമാനമെടുക്കും. റുവൈസിനെതിരെ ആത്മഹത്യ പ്രേരണക്കുറ്റം നിലനില്‍ക്കുമോ എന്ന കാര്യവും പൊലീസ് പരിശോധിക്കും.
കേസില്‍ കുറ്റാരോപിതനായ റുവൈസിന് ജാമ്യം നല്‍കരുതെന്നും ജുഡീഷ്യല്‍ കസ്റ്റിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തണമെന്നുമാണ് മെഡിക്കല്‍ കോളേഡ് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച് സ്ത്രീധനം പോലുള്ള വിപത്തിന്റെ വക്താവായി മാറിയ പ്രതി, ഭാവി പ്രതീക്ഷയായ യുവ ഡോക്ടറെ ആത്മഹത്യയിലേക്ക് നയിച്ചു. പ്രതിയുടെ നീച പ്രവൃത്തി അപരിഷ്കൃതവും നിയമങ്ങളുടെ ലംഘനവുമാണ്. സ്ത്രീധന നിരോധന നിയമ പ്രകാരം കരുനാഗപ്പള്ളി, വെഞ്ഞാറമൂട് തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന കുറ്റകൃത്യത്തിനിടയാക്കിയ ചടങ്ങുകളെക്കുറിച്ച് അന്വേഷിക്കണമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
കരുനാഗപ്പള്ളിയിലെ വീട്ടില്‍ നിന്നാണ് റുവൈസിനെ കസ്റ്റഡിയില്‍ എടുത്തത്. ഷഹനയുമായുള്ള വിവാഹത്തിന് സ്ത്രീധനമായി ചോദിച്ചത് 150 പവന് സ്വര്‍ണവും ബിഎംഡബ്ല്യു കാറും 15 ഏക്കര്‍ സ്ഥലവുമാണെന്ന് ഷഹനയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.