മാവേലിക്കരയില്‍ നാല് വയസുകാരിയെ അച്ഛന് മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തി. പുന്നമൂട് ആനക്കൂട്ടില്‍ നക്ഷത്രയാണ് കൊല്ലപ്പെട്ടത്. അച്ഛന് ശ്രീമഹേഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
സ്വന്തം അമ്മ സുനന്ദയെയും ശ്രീമഹേഷ് ആക്രമിച്ചു. കൈക്ക് പരിക്കേറ്റ സുനന്ദ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ് സംഭവം. വീട്ടില്‍ മഹേഷും മകളും തനിച്ചാണ് താമസം. ബഹളം കേട്ട് തൊട്ടടുത്ത് സഹോദരിയുടെ വീട്ടില്‍ താമസിക്കുന്ന മഹേഷിന്റെ അമ്മ സുനന്ദ എത്തുമ്പോള്‍ വെട്ടേറ്റ് സോഫയില്‍ കിടക്കുന്ന കൊച്ചുമകളെയാണ് കണ്ടത്. ബഹളം വെച്ചുകൊണ്ട് പുറത്തേക്കോടിയ അമ്മയെ ആക്രമിക്കുകയും സമീപ വാസികളെ മഹേഷ് മഴുകാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു.
തുടര്‍ന്ന് പൊലീസ് എത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കൊല്ലപ്പെട്ട നക്ഷത്രയുടെ അമ്മ വിദ്യ രണ്ട് വര്‍ഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. വിദ്യയുടെ മാതാപിതാക്കളെ കാണണമെന്ന് കുട്ടി വാശിപിടിച്ചതോടെയാണ് ഇയാള്‍ കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. നക്ഷത്രയുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.
വിദേശത്തായിരുന്ന ശ്രീമഹേഷ് അച്ഛന് ശ്രീമുകുന്ദന്‍ ട്രെയിന്‍ തട്ടി മരിച്ച ശേഷമാണ് നാട്ടിലെത്തിയത്. മഹേഷിന്റെ വിവാഹം ഒരു വനിതാ കോണ്‍സ്റ്റബിളുമായി ഉറപ്പിച്ചിരുന്നു. എന്നാല്‍ മഹേഷിന്റെ സ്വഭാവ വൈകൃതത്തെക്കുറിച്ച് മനസിലാക്കിയ കുടുംബം ഇതില്‍ നിന്ന് പിന്മാറുകയായിരുന്നു.