നോര്‍ത്ത് അറ്റ്ലാന്റിക് സമുദ്രത്തില്‍ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ അഞ്ച് വിനോദ സഞ്ചാരികളുമായി പോയ അന്തര്‍വാഹിനി കാണാതായ ഭാഗത്ത് നിന്ന് ശബ്ദം തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്. 30 മിനിട്ട് ഇടവേളയിലാണ് തെരച്ചിലിനായി പോയ പേടകം ശബ്ദം വീചികള്‍ തിരിച്ചറിഞ്ഞത്. എന്നാല്‍ എത്ര സമയത്തോളം ശബ്ദം നീണ്ടു നിന്നെന്ന കാര്യത്തില്‍ വ്യക്തതയില്ലന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഈ ശബ്ദം നിരീക്ഷിക്കാനായി നാല് മണിക്കൂറിന് ശേഷം പ്രത്യേക ക്രമീകരണങ്ങള്‍ നടത്തിയിരുന്നു. ഈ സമയത്തും ശബ്ദം കേട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ശബ്ദം കേട്ട ഭാഗത്ത് രക്ഷാ പ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടുണ്ട്. ശബ്ദ വീചികള്‍ തിരിച്ചറിഞ്ഞ സാഹചര്യത്തില്‍ അപകടത്തില്‍പ്പെട്ടവരെ കണ്ടെത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഇവര്‍
ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന്റെ രണ്ട് മണിക്കൂറുകള്‍ക്ക് മുന്നെയാണ് അന്തര്‍വാഹിനിയുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടത്. ഞായറാഴ്ചയാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ വിനോദ സഞ്ചാരികളുടെ സംഘം പുറപ്പെട്ടത്. മൂന്ന് ദിവസമായി തെരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. 96 മണിക്കൂര്‍ നേരത്തെക്കുള്ള ഓക്സിജനാണ് വാഹനത്തില്‍ ഉള്ളതായി കണക്കാക്കപ്പെടുന്നത്. ഒരു ദിവസത്തേക്ക് കൂടിയുള്ള ഓക്സിജന്‍ മാത്രമായിരിക്കും പേടകത്തില്‍ ഉണ്ടായിരിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബ്രിട്ടീഷ് വ്യവസായിയും ആക്ഷന്‍ ഏവിയേഷന്‍ കമ്പനിയുടെ ചെയര്‍മാനുമായ ഹാമിഷ് ഹാര്‍ഡിംഗ്, പാകിസ്ഥാനിലെ കറാച്ചി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എന്‍ഗ്രോ എന്ന ബഹുരാഷ്ട്ര കമ്പനിയുടെ വൈസ് ചെയര്മാന് ഷഹ്സാദ ദാവൂദ്, മകന് സുലൈമാന്‍, പേടകത്തിന്റെ പൈലറ്റും ഫ്രഞ്ച് പൗരനുമായ പോള്‍ ഹെന്റി നാര്‍സലേ, ഓഷന്‍ഗേറ്റ് കമ്പനിയുടെ സ്ഥാപകനും സിഇഓയുമായ സ്റ്റോക്ടന്‍ റഷ് എന്നിവരാണ് അന്തര്വാഹിനയില് ഉണ്ടായിരുന്നത്.