നടന് നസ്ലെന്റെ പേരിൽ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുണ്ടാക്കി കമന്റിട്ടെന്ന പരാതിയില്‍ നിർണായക കണ്ടെത്തൽ. വ്യാജ ഐഡിയിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കമന്റിട്ടത് യുഎഇയില്‍ നിന്നുമാണെന്നാണ് പൊലീസ് കണ്ടെത്തൽ. നിലവിൽ വ്യാജ അക്കൗണ്ട് ഫെയ്സ്ബുക്ക് നീക്കം ചെയ്തിട്ടുണ്ട്.
കാക്കനാട് സൈബര്‍ പൊലീസിലാണ് നസ്ലെന് വ്യാജ ഐഡിക്കെതിരെ പരാതി നല്‍കിയത്. തന്റെ പേരും ചിത്രവും ദുരുപയോഗം ചെയ്താണ് വ്യാജ അക്കൗണ്ട് ഉണ്ടാക്കിയതെന്ന് നസ്ലെന് പരാതിയിൽ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ പിറന്നാള്‍ ദിവസം ചീറ്റകളെ തുറന്നുവിട്ടെന്ന വാര്‍ത്തയുടെ താഴെയാണ് നസ്ലെന്റേതെന്ന പേരില്‍ വ്യാജ കമന്റ് വന്നത്. പരാതി ലഭിച്ചതോടെ നടത്തിയ അന്വേഷണത്തിലാണ് ഇപ്പോൾ പൊലീസിന് തുമ്പ് ലഭിച്ചിരിക്കുന്നത്.
ഇന്‍സ്റ്റഗ്രാം വിഡിയോയിലൂടെയാണ് സൈബര്‍ സെല്ലില്‍ പരാതി നല്‍കിയതായി നസ്ലെന് അറിയിച്ചത്. സുഹൃത്തുക്കള്‍ സ്ക്രീന്‍ഷോട്ട് അയച്ച് നല്‍കിയപ്പോഴാണ് സംഭവത്തെക്കുറിച്ച് അറിഞ്ഞതെന്ന് നസ്ലെന് പറഞ്ഞു. ആരോ ഒരാള്‍ ചെയ്ത കുറ്റത്തിന് താനാണ് പഴി കേള്‍ക്കുന്നതെന്നും ഇത് ഏറെ ദുഃഖത്തിലാഴ്ത്തിയെന്നും നസ്ലെന് പറഞ്ഞു.