ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസിൽ മുൻ ബിഗ് ബോസി റിയാലിറ്റി ഷോ താരം ജിൻ്റോയെ ചോദ്യം ചെയ്യാൻ എക്സൈസ്. ജിൻ്റോയോട് ചൊവ്വാഴ്ച ചോദ്യം ചെയ്യല്ലിന് ഹാജരാവാൻ ആവശ്യപ്പെട്ട് എക്സൈസ് നോട്ടീസ് നൽകി. ബിഗ് ബോസ് ഷോയിലെ അവസാന സീസണിലെ വിജയിയായിരുന്നു ജിൻ്റോ.
ഹൈബ്രിഡ് കഞ്ചാവ് കേസിൽ പിടിയിലായ തസ്ലിമയുടെ ബാങ്ക് ഇടപാടുകൾ പരിശോധിച്ചതിൽ ജിൻ്റോയുമായി പണമിടപാട് നടത്തിയതായി കണ്ടെത്തിയിരുന്നു. ഇതോടെയാണ് ജിൻ്റോയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. എന്തിനാണ് പണം കൊടുത്തത് എന്ന കാര്യത്തിൽ ജിൻ്റോ എക്സൈസിന് വിശദീകരണം നൽകേണ്ടി വരും. കൊച്ചിയിൽ മോഡലായ സൗമ്യയ്ക്കും എക്സൈസ് നോട്ടീസ് അയച്ചിട്ടുണ്ട്. സൗമ്യയ്ക്കും തസ്ലിമയുമായി സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നു.
ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടന്മാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവർ ഉൾപ്പടെ അഞ്ച് പേർക്കാണ് എക്സൈസ് നോട്ടീസ് അയച്ചിരിക്കുന്നത്. ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ എന്നിവർക്ക് പുറമെ ഒരു നിർമാതാവിനും എക്സൈസ് നോട്ടീസ് അയച്ചിരുന്നു.
തസ്ലീമ ഇവർക്ക് ലഹരി നൽകിയതിനെ തെളിവില്ലെങ്കിലും സാമ്പത്തിക ഇടപാടുകൾ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. എന്തിന് വേണ്ടിയാണ് ഈ ലഹരി ഇടപാടുകാരിയുമായി ഇവരെല്ലാം സാമ്പത്തിക ഇടപാട് നടത്തിയത് എന്നാണ് എക്സൈസ് പരിശോധിക്കുന്നത്. ആലപ്പുഴയിലേക്ക് കൊണ്ടുവന്ന രണ്ടുകോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് ഈ മാസം ഒന്നാം തീയതിയാണ് എക്സൈസ് പിടികൂടിയത്.