യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ലോകത്ത് സമാധാനത്തിന് ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പയും അല്‍ അഹ്സര്‍ ഗ്രാന്‍ഡ് ഇമാം ഷെയിഖ് അഹമ്മദ് അല്‍ തയ്യിബും. മനുഷ്യ സഹോദര്യത്തിന്റെ പ്രധാന്യത്തെക്കുറിച്ച് യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ ന്യൂയോര്‍ക്കില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് സുന്നി ഇമാമും പോപ് ഫ്രാന്‍സിസും ലോകത്ത് സാമാധാനത്തിന് ആഹ്വാനം ചെയ്തത്.
ഉദര സംബന്ധമായ ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പോപ്പ് ഫ്രാന്‍സിസ് കൊടുത്തുവിട്ട പ്രസ്താവനയാണ് യു.എന്നിലെ പരിപാടിയില്‍ വായിച്ചത്. മനുഷ്യരില്‍ സാഹോദര്യം ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന് മാര്‍പ്പാപ്പ പ്രസ്താവനയില്‍ പറഞ്ഞു.
ആണവ ആയുധങ്ങള്‍ ഉപയോഗിക്കുന്നതിന്റെ പരിണിത ഫലം വലുതാകുമെന്നും യുദ്ധത്തോട് നമുക്ക് ‘നോ’ പറയാന്‍ സാധിക്കണമെന്നും സമാധാനമാണ് പുലരേണ്ടതെന്നും പോപ് ഫ്രാന്‍സിസ് പറഞ്ഞു. പോപ്പിന് വേണ്ടി ആര്‍ച്ച് ബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ആണ് ഗല്ലാഗെര്‍ ആണ് പ്രസ്താവന വായിച്ചത്.
അതേസമയം ലോകസമാധാനത്തിലേക്കുള്ള താക്കോല്‍ മനുഷ്യര്‍ തമ്മില്‍ പുലര്‍ത്തുന്ന സാഹോദര്യ മനോഭാവമാണെന്ന് അല്‍ അഹ്സര്‍ ഗ്രാന്‍ഡ് ഇമാം പറഞ്ഞു.
നിരര്‍ത്ഥകമായ യുദ്ധങ്ങളല്ല നമുക്ക് വേണ്ടതെന്ന് ഇറാഖിനെയും സിറിയയെയും അഫ്ഗാനിസ്ഥാനെയും ലിബിയയെയും യെമെനെയും മുന്‍നിര്‍ത്തി ഗ്രാന്‍ഡ് ഇമാം പറഞ്ഞു. യൂറോപ്പിന്റെ കിഴക്കന്‍ അതിര്‍ത്തികളില്‍ നടക്കുന്ന യുദ്ധം ഭീകരത വളര്‍ത്തുകയാണെന്നും അത് മനുഷ്യരാശിയെ പ്രാകൃത യുഗത്തിലേക്ക് തിരിച്ചുവിടുമെന്ന ആശങ്കയുണ്ടാക്കുന്നുവെന്നും ഗ്രാന്‍ഡ് ഇമാം പറഞ്ഞു. റഷ്യയെയും ഉക്രെയ്നെയും പേരെടുത്തു പറയാതെ ആയിരുന്നു പരാമര്‍ശം. ഇന്നത്തെ ഒത്തു ചേരല്‍ ആഡംബരമല്ലെന്നും ആവശ്യമാണെന്നും മനുഷ്യ രാശിയുടെ ഭാവിക്ക് വേണ്ടിയാണെന്നും ഇമാം കൂട്ടിച്ചേര്‍ത്തു.
കൗണ്‍സിലില്‍ വിദ്വേഷ പ്രസംഗങ്ങള്‍ ലിംഗ വിവേചനം, ജാതീയത, വംശീയത എന്നിവ സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുമെന്ന പ്രമേയം അംഗങ്ങള്‍ അംഗീകരിച്ചു.