മന്ത്രിസ്ഥാനം പാര്‍ട്ടികള്‍ പങ്കിടണമെന്ന ധാരണയില്‍ മാറ്റമുണ്ടാകില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്. കെ ബി ഗണേഷ് കുമാറിനെ മന്ത്രിയാക്കേണ്ടാത്ത സാഹചര്യമൊന്നും നിലവില്‍ ഇല്ലെന്നും സ്പീക്കര്‍ പദവിയില്‍ മാറ്റമുണ്ടാകില്ലെന്നും ഇപി ജയരാജന് പറഞ്ഞു.
എല്‍ഡിഎഫില്‍ എല്ലാ പാര്‍ട്ടികള്‍ക്കും പങ്കാളിത്തമുള്ള ഒരു ഭരണ സംവിധാനമാണ്. നിയമസഭയില്‍ ഒരു അംഗം മാത്രമാണ് ഉള്ളതെങ്കില്‍ അവരെ കൂടി പരിഗണിച്ചുകൊണ്ടാണ് മന്ത്രിസഭ രൂപീകരിച്ചത്. എല്ലാ പാര്‍ട്ടികള്‍ക്കും അഞ്ച് വര്‍ഷം മന്ത്രിസ്ഥാനം കൊടുക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണ് നാല് പാര്‍ട്ടികള്‍ക്ക് പകുതി സമയം നല്കാന് തീരുമാനിച്ചത് എന്നും ഇപി ജയരാജന് പറഞ്ഞു.
ഇത് എല്‍ഡിഎഫ് നേരത്തെ തന്നെ പരസ്യമായി പറഞ്ഞതാണ്. ആ ഒരു ധാരണയിലാണ് എല്‍ഡിഎഫ് പ്രവര്‍ത്തിക്കുന്നത്. ആ ധാരണയില്‍ ഒരു മാറ്റവും ഉണ്ടാകില്ലെന്നും ഇ പി ജയരാജന് പറഞ്ഞു.
ഗണേഷ് കുമാറിനെ മന്ത്രിയാകാതിരിക്കാനുള്ള സാഹചര്യമൊന്നും കാണുന്നില്ല. നിയമസഭയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ മുഖവിലയ്ക്ക് എടുത്ത് നിലപാട് സ്വകീരിക്കാന്‍ സാധിക്കില്ല. ആരെക്കുറിച്ച് എന്തൊക്കെ കാര്യങ്ങളാണ് പറയുന്നത്. ഓരോ ഘടകപാര്ട്ടികള്ക്കും എല്‍ഡിഎഫില്‍ തുല്യ പ്രാധാന്യമുണ്ട്. എല്ലാവരെയും പരിഗണിച്ചുകൊണ്ട് മാത്രമേ മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളു. രണ്ടര വര്‍ഷം പൂര്‍ത്തിയാകാന്‍ ഇനിയും സമയം ഉണ്ടല്ലോ. അപ്പോള്‍ നോക്കാമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസഭ പുനസംഘടനയെ പറ്റി മറ്റു ആലോചനകള്‍ ഇല്ല. ഷംസീര്‍ സ്പീക്കര്‍ ആയിട്ട് ഒരു വര്‍ഷമേ ആയിട്ടുള്ളു. സ്പീക്കറെ മാറ്റുമെന്നത് അടിസ്ഥാന രഹിതമായ വാര്‍ത്തയാണെന്നും ഇപി ജയരാജന് പറഞ്ഞു.