ഇംഗ്ലണ്ടും അമേരിക്കയും ലോകകപ്പ് പ്രീ ക്വാർട്ടറിൽ കടന്നു. വെയ്ൽസിനെ മൂന്ന് ഗോളിന് തകർത്താണ് ഇംഗ്ലണ്ട് പ്രീ ക്വാർട്ടറിലെത്തിയത്. ഇറാനെ ഏകപക്ഷീയമായ ഒരുഗോളിന് തോൽപ്പിച്ചാണ് അമേരിക്ക അടുത്ത റൗണ്ടിലേക്ക് കടന്നത്. അവസാനഘട്ടത്തില്‍ സമനില നേടിയാല്‍ പോലും പ്രീ ക്വാര്‍ട്ടറിലെത്താന്‍ കഴിയുമായിരുന്ന ഇറാനെ ഗോളടിക്കാതെ തടഞ്ഞുനിര്‍ത്തിയാണ് അമേരിക്കയുടെ വിജയം.
ആദ്യപകുതിയിലെ വെയ്ല്‍സിന്റെ പ്രതിരോധത്തെ രണ്ടാം പകുതിയിൽ മറികടന്നാണ് ഇംഗ്ലീഷുകാര്‍ വിജയം സ്വന്തമാക്കിയത്. മാര്‍ക്കസ് റാഷ്ഫോര്‍ഡ് രണ്ട് തവണയും ഫില്‍ ഫോഡന് ഒരു തവണയും വല കുലുക്കിയപ്പോള്‍ സ്കോര്‍ 3-0. ജയത്തോടെ ഗ്രൂപ്പ് ബി ജേതാക്കളായി പ്രീ ക്വാര്‍ട്ടറിലെത്തുന്ന ഇംഗ്ലണ്ടിന് നേരിടാനുള്ളത് ആഫ്രിക്കന്‍ ചാംപ്യന്മാരും ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരുമായ സെനഗലിന്റെ പോരാട്ട വീര്യത്തെയാണ്.
സൂപ്പര്‍താരം ക്രിസ്റ്റ്യന്‍ പുലിസിച്ചാണ് അമേരിക്കയ്ക്കായി ഗോള്‍ നേടിയത്. ഇറാന് പ്രതിരോധം മത്സരത്തിലുടനീളം അമേരിക്കയ്ക്ക് കടുത്ത വെല്ലുവിളിയാണുയര്‍ത്തിയത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് അഞ്ച് പോയന്റുമായി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായാണ് അമേരിക്ക പ്രീ ക്വാര്‍ട്ടറിലേക്ക് കടക്കുന്നത്. പ്രീ ക്വാര്‍ട്ടറില്‍ ഗ്രൂപ്പ് എ യിലെ ഒന്നാം സ്ഥാനക്കാരായ നെതര്‍ലന്‍ഡ്സാണ് അമേരിക്കയുടെ എതിരാളികള്‍.