കോഴിക്കോട്: ചികിത്സാപ്പിഴവ് മൂലം രോഗി മരിച്ച സംഭവത്തിൽ വ്യാജഡോക്ടർ അറസ്റ്റിൽ. കടുത്ത നെഞ്ചുവേദനയുമായി ആശുപത്രിയിൽ എത്തിയ ആളാണ് കൃത്യമായ ചികിത്സ കിട്ടാതെ മരണപ്പെട്ടത്. ഇയാളെ ചികിത്സിച്ചത് എംബിബിഎസ് പഠനം പൂർത്തിയാക്കാത്ത ആളാണെന്നാണ് പൊലീസ് അറിയിച്ചു.
കോഴിക്കോട് മണ്ണൂർ പൂച്ചേരിക്കുന്ന് സ്വദേശി പച്ചാട്ട് വിനോദ് കുമാറാണ് (60) സെപ്തംബർ 23-ന് പുലർച്ചെ കടലുണ്ടി കോട്ടക്കടവിലെ ടിഎംഎച്ച് ആശുപത്രിയിൽ വച്ച് മരണപ്പെട്ടത്. കടുത്ത നെഞ്ചു വേദനയും ചുമയുമായി എത്തിയ രോഗിക്ക് പ്രാഥമിക ചികിത്സ നൽകാതെ രക്തപരിശോധനയ്ക്കും ഇസിജിക്കും അയക്കുകയാണ് ഡോക്ടർ ചെയ്തത്.
ഡോക്ടർ പരിശോധിച്ച് അരമണിക്കൂറിനകം രോഗി മരണപ്പെട്ടു. പിതാവിന് അടിയന്തര ചികിത്സ കിട്ടിയില്ലെന്ന് വ്യക്തമായതോടെ മകനും പിജി ഡോക്ടറുമായ അശ്വിൻ പി വിനോദും സുഹൃത്തുകളും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് ചികിത്സിച്ച അബു എബ്രഹാം ലൂക്ക് എന്നയാൾ എംബിബിഎസ് പാസ്സായിട്ടില്ലെന്ന് കണ്ടെത്തിയത്.
ഇയാളെ തിരുവല്ലയിൽ നിന്നും ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ 2011-ൽ കോഴിക്കോട്ടെ സ്വകാര്യ മെഡിക്കൽ കോളേജിൽ എംബിബിഎസ് കോഴ്സിന് ചേർന്നെങ്കിലും ഇതുവരെ കോഴ്സ് പാസ്സായിട്ടില്ല. എന്നാൽ അംഗീകൃത ഡോക്ടർ എന്ന നിലയിൽ ഇയാൾ പല ആശുപത്രികളിലും മെഡിക്കൽ ഓഫീസറായി പ്രവർത്തിച്ചു വരികയായിരുന്നുവെന്നാണ് വിവരം. ഇതേക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.