കണ്ണൂർ: കണ്ണൂർ കരിക്കോട്ടക്കരി അയ്യൻകുന്നിൽ മാവോയിസ്റ്റുകളും പൊലീസും ഏറ്റുമുട്ടി. പൊലീസിൻ്റെ വെടിവയ്പ്പിൽ മാവോയിസ്റ്റുകൾക്ക് പരിക്കേറ്റുവെന്നാണ് സൂചന. രണ്ട് മാവോയിസ്റ്റുകൾക്ക് വെടിയേറ്റുവെന്നാണ് പുറത്തു വരുന്ന വിവരം.
വിവരം ലഭിച്ച സ്ഥലത്ത് എത്തിയ മാധ്യമപ്രവർത്തകരെ പൊലീസ് ഉരുപ്പുംകുറ്റി ടൌണിന് സമീപം തടഞ്ഞു. വനത്തിൽ നടക്കുന്ന വെടിവയ്പ്പിൻ്േയും സ്ഫോടനത്തിൻ്റേയും ശബ്ദം ഉരുപ്പുംകുറ്റി ടൌണിൽ കേൾക്കുന്നുണ്ട്. വെടിവയ്പ്പ് നടന്ന സ്ഥലത്ത് നിന്നും മൂന്ന് തോക്കുകൾ കണ്ടെത്തി. ഏറ്റുമുട്ടലിൽ പൊലീസ് സംഘത്തിലാർക്കും പരിക്കില്ലെന്നാണ് വിവരം. ഏറ്റുമുട്ടൽ തുടങ്ങി പത്ത് മിനിറ്റോളം വെടിവയ്പ്പും സ്ഫോടന ശബ്ദങ്ങളും കേട്ടുവെന്നാണ് പരിസരവാസികൾ പറയുന്നത്.
തണ്ടർബോൾട്ട്, സെപ്ഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ്, ആൻ്റിന നക്സൽ ഫോഴ്സ് എന്നിവയുടെ നേതൃത്വത്തിൽ സംയുക്തമായി നടത്തിയ തെരച്ചിലിനിടെയാണ് മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടലുണ്ടായതെന്നാണ് വിവരം. വെടിവയ്പ്പ് ആരംഭിച്ചതിന് പിന്നാലെ ലോക്കൽ സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസുകാർ വനത്തിലും വനാതിർത്തിയിലും സമീപത്തെ ജനവാസ മേഖലകളിലുമായി നിലയുറപ്പിച്ചിട്ടുണ്ട്.