മോഹൻലാൽ നായകനായെത്തിയ ലൂസിഫറിന്റെ രണ്ടാം ഭാഗം ‘എമ്പുരാൻ’ ചിത്രീകരണം ഉടൻ ആരംഭിക്കും. തിരക്കഥ പൂർത്തിയായെന്നും ചിത്രീകരണവുമായി ബന്ധപ്പെട്ട ജോലികൾ ആരംഭിക്കാനിരിക്കുകയാണെന്നും ചിത്രത്തിന്റെ സംവിധായകൻ പൃഥിരാജ് പറഞ്ഞു.
മോഹൻലാൽ, പൃഥിരാജ്, മുരളിഗോപി, ആന്റണി പെരുമ്പാവൂർ എന്നിവർ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രഖ്യാപനം. ” ലൂസിഫറിന്റെ കഥയുടെ ബാക്കിമാത്രമാവാതെ മുൻപും ശേഷവും നടന്ന തുടർക്കഥകളും ചേർത്ത് വച്ച് മികച്ച രീതിയിലുള്ള രണ്ടാം ഭാഗം തന്നെയായിരിക്കും എമ്പുരാൻ എന്ന് തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി പറഞ്ഞു.
ആദ്യഭാഗം നേടിയ വൻ വിജയം നിലനിൽക്കേ രണ്ടാം ഭാഗം അതിലും മികച്ചതാക്കി മാറ്റുക എന്നത് വെല്ലുവിളിതന്നെയാണ്. നൂറ് ശതമാനവും ഒന്നാം ഭാഗത്തോട് നീതി പുലർത്തുന്ന രീതിയിൽ തന്നെയായിരിക്കും രണ്ടാം ഭാഗവും ഉണ്ടാവുക എന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ വ്യക്തമാക്കി. വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പെടെ 200 കോടിയോളം രൂപയുടെ ബോക്സ് ഓഫീസ് കളക്ഷൻ ആണ് ലൂസിഫർ നേടിയിട്ടുള്ളത്. 2019 ൽ ആയിരുന്നു ലൂസിഫർ തിയറ്ററുകളിൽ റിലീസിനെത്തിയത്.