2023 ഒക്ടോബർ 29-ന് മുൻപ് കെയ്റോയിലേക്കും തിരിച്ചും പ്രതിവാര സർവീസ് 28 ആയി വർധിപ്പിക്കനൊരുങ്ങി എമിറേറ്റ്സ്. അധിക ഫ്ലൈറ്റുകൾ ദുബായിലേക്കും പുറത്തേക്കും കണക്റ്റ് ചെയ്യാനുള്ള കൂടുതൽ ഓപ്ഷനുകളും സജ്ജമാക്കും. എമിറേറ്റ്സ് എ380യുടെ അനുഭവം കൂടുതൽ ആസ്വദിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുകയെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
എ 380-ൽ ദിവസേന മൂന്ന് തവണയും ബോയിംഗ് 777-ൽ പ്രതിദിന സർവീസും പ്രവർത്തനക്ഷമമായിരിക്കും. അധിക സർവീസുകൾ ഓരോ ദിശയിലേക്കും ആഴ്ചയിൽ 2,200 സീറ്റുകൾ വരെ വർധിപ്പിക്കും. അതേസമയം ഇ കെ 921വിമാനം ദിവസവും പ്രവർത്തിക്കുന്നുണ്ട്. ദുബായിൽ നിന്ന് ഉച്ചയ്ക്ക് 12 മണിക്ക് പുറപ്പെട്ട് 2.15 ന് കെയ്റോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരുന്ന രീതിയിലാണ് ക്രമീകരണം. തിരികെയുള്ള സർവീസ് ഇ കെ 922 കെയ്റോയിൽ നിന്ന് വൈകുന്നേരം 4.15 ന് പുറപ്പെട്ട് രാത്രി 9.45 ന് ദുബായിൽ എത്തിച്ചേരും.
എമിറേറ്റ്സിന്റെ കെയ്റോയിലേക്കുള്ള മൂന്നാമത്തെ എ380 സർവീസ്, ഇ കെ 925, ദുബായിൽ നിന്ന് രാത്രി 8.40-ന് പുറപ്പെട്ട് രാത്രി 10.55-ന് ലക്ഷ്യ സ്ഥാനത്തെത്തും. കൂടാതെ ഇ കെ 926 അടുത്ത ദിവസം പുലർച്ചെ 12.40 ന് കെയ്റോയിൽ നിന്ന് പുറപ്പെട്ട് 6.10 ന് ദുബായിൽ തിരിച്ചെത്തും. അതേസമയം 1986 ഏപ്രിലിൽ കെയ്റോയിലേക്ക് ആഴ്ചയിൽ മൂന്ന് ഫ്ലൈറ്റുകളായാണ് എമിറേറ്റ്സ് പ്രവർത്തനം ആരംഭിച്ചത്.
ഇതുവരെ കെയ്റോയിലേക്കും തിരിച്ച് 9.6 ദശലക്ഷം യാത്രക്കാരുമായി എമിറേറ്റ്സ് സഞ്ചരിച്ചിട്ടുണ്ട്. ഇതിനിടെ കെയ്റോയ്ക്കും ദുബായ്ക്കുമിടയിൽ ആവൃത്തിയിലും ശേഷിയിലും വർദ്ധനവുണ്ടായതോടെ പ്രവർത്തനങ്ങൾ ക്രമാനുഗതമായി വളർന്നു. ഇപ്പോൾ എമിറേറ്റ്സ് കെയ്റോയ്ക്കും ദുബായ്ക്കുമിടയിൽ പ്രതിവാര 25 വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്.