തെരഞ്ഞെടുപ്പിന് മുന്നോടിയായി കുവൈറ്റിൽ സ്ഥാനാർഥികളുടെ പ്രചരണങ്ങൾക്ക് തുടക്കം കുറിച്ചു . നാമനിർദേശ പത്രിക സമർപ്പിച്ചതോടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ചൂടിലാണ് സ്ഥാനാർഥികളും ജനങ്ങളും. രാജ്യത്തിന്റെ സമഗ്രമായ പുരോഗതിയും വികസനവുമാണ് സ്ഥാനാർഥികൾ പ്രധാനമായും മുന്നോട്ട് വയ്ക്കുന്ന മുദ്രാവാക്യം. ഈ മാസം 29 നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
രാജ്യം നേരിടുന്ന വിവിധ വിഷയങ്ങൾ സ്ഥാനാർഥികൾ വലിയ ചർച്ചകളാക്കിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി അഴിമതി, ജോലി പാർപ്പിടം എന്നീ മേഖലകളിൽ നേരിടുന്ന പ്രശ്നങ്ങളെ ഒരു വിഭാഗം ഉയർത്തിക്കൊണ്ട് വന്നിരുന്നു. അതേ സമയം ജനസംഖ്യയും തൊഴിലില്ലായ്മയും തെരഞ്ഞെടുപ്പിൻ്റെ പ്രധാന ചർച്ചകളിലൊന്നായി കണക്കാക്കുന്നു.
ജനസംഖ്യയുടെ 70 ശതമാനവും പ്രവാസികളാണെന്നും അത് നിയന്ത്രിക്കേണ്ടത് അനിവാര്യമാണെന്നും ഒരു കൂട്ടർ വാദിക്കുന്നു. എന്നാൽ രാജ്യം അതിൻ്റെ നിർണായക ഘട്ടത്തിലാണെന്നും അതുകൊണ്ട് തന്നെ ഗൗരവമേറിയതും ഫലപ്രദവുമായ നടപടികളാണ് സ്വീകരിക്കേണ്ടതെന്നും ഭരണപക്ഷം വ്യക്തമാക്കി . പ്രധാനപ്പെട്ട ദേശീയ വിഷയങ്ങളിലാണ് പ്രതിപക്ഷം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സർക്കാർ സംവിധാനങ്ങളിൽ നടക്കുന്ന അഴിമതിയും
രാജ്യവികസനത്തിനാവശ്യമായ നടപടികളും ചർച്ചചെയ്യപ്പെടേണ്ടതാണെന്ന് പ്രതിപക്ഷം പറഞ്ഞു.