ഈദുല്‍ ഫിത്തർ പ്രമാണിച്ച് യുഎഇയില്‍ നിന്നുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂടും. ഇന്ത്യ, പാകിസ്താന്, ജിസിസി രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കാണ് വര്‍ധിക്കുന്നത്. ട്രാവല്‍ ഏജന്റുമാര്‍ അടക്കമുള്ളവർ ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയുക എന്നത് മാത്രമാണ് വര്‍ധനവ് ഒഴിവാക്കാനുള്ള പ്രതിവിധി.
അവധിക്ക് നാട്ടില്‍ പോകാന്‍ കാത്തിരിക്കുന്ന നിരവധി പേരെ മുന്നിൽ കണ്ടാണ് ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടുന്നത്. എന്നാൽ ഇത് ഇവരെ കൂടുതൽ പ്രതിസന്ധി യിലാക്കും. നാല് ദിവസമാണ് യുഎഇയില്‍ ഈദുല്‍ ഫിത്തറിന്റെ അവധി. പൊതുവേ ഈ സമയം യുഎഇയില്‍ നിന്ന് നാട്ടിലേക്കുള്ള ടിക്കറ്റുകള്‍ കിട്ടാനും പ്രവാസികള്‍ ഏറെ ബുദ്ധിമുട്ടാറുണ്ട്. ഇന്ത്യയില്‍ കേരളം, ലഖ്നൗ, ഡല്‍ഹി, ധാക്ക, കൊളംബോ, കറാച്ചി, ലാഹോര്‍, മുംബൈ എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കാണ് ഏറ്റവും അധികം കൂടുന്നത്.
ആയിരക്കണക്കിന് പ്രവാസികളാണ് കുടുംബത്തോടൊപ്പം പെരുന്നാള്‍ ആഘോഷിക്കാനായി സ്വന്തം രാജ്യങ്ങളിലേക്ക് പോകുന്നത്. അതേസമയം മാര്‍ച്ച് 23 വ്യാഴാഴ്ച റമദാന് മാസാരംഭം തുടങ്ങാന്‍ സാധ്യതയുണ്ടെന്നും എമിറേറ്റ്സ് അസ്ട്രോണമിക്കല്‍ സൊസൈറ്റി ഡയറക്ടര്‍ ബോര്‍ഡ് ചെയര്മാന് ഇബ്രാഹിം അല്‍ ജര്‍വാന്‍ അറിയിച്ചു. കൂടാതെ ഈദുല്‍ ഫിത്തര്‍ ഏപ്രില്‍ 21 വെള്ളിയാഴ്ചയാകാനാണ് സാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏപ്രില്‍ 20 മുതല്‍ 23 വരെയാണ് യുഎഇയില്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. യുഎഇയിൽ 180ഓളം രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളാണുള്ളത്.