കോഴിക്കോട്: കര്‍ണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യം നാളെ പുനരാരംഭിക്കും. ദിവസങ്ങൾ നീണ്ട തെരച്ചിലിനൊടുവിൽ ലോറി പുഴയുടെ അടിയിൽ ചെളിയിൽ പൂണ്ട നിലയിലുണ്ടെന്ന് കണ്ടെത്തിയെങ്കിലും പുഴയ്ക്ക് അടിയിൽ ചെല്ലാനോ ലോറിയുടെ ക്യാബിൻ പരിശോധിക്കാനോ സാധിച്ചിരുന്നില്ല.
ഗംഗാവലി പുഴയിലെ ശക്തമായ അടിയൊഴുക്കാണ് രക്ഷാപ്രവർത്തനത്തിന് തടസ്സമായത്. എന്നാൽ ഈ ദിവസങ്ങളിൽ മഴ മാറി നിന്നതോടെ പുഴയിൽ വീണ്ടും രക്ഷാപ്രവർത്തനം നടത്താൻ അനുകൂലമായ സാഹചര്യം ഒരുങ്ങിയിട്ടുണ്ട്. തെരച്ചില്‍ തുടങ്ങുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചതായി എംകെ രാഘവൻ എംപി പറഞ്ഞു. മുങ്ങല്‍ വിദഗ്ധനായ ഈശ്വര്‍ മല്‍പെയും സംഘവും നാളെ വീണ്ടും പുഴയിലിറങ്ങി തെരച്ചില്‍ നടത്തുമെന്നാണ് വിവരം.
രക്ഷാദൗത്യം അനിശ്ചിതത്വത്തിലാണെന്ന് കാണാതായ അർജുന്റെ സഹോദരീഭർത്താവ് ജിതിൻ ഇന്ന് രാവിലെ പ്രതികരിച്ചിരുന്നു. തെരച്ചിൽ എന്ന് പുനരാരംഭിക്കും എന്നതിൽ അറിയിപ്പ് ഒന്നും ലഭിച്ചില്ലെന്നും ജലനിരപ്പ് കുറഞ്ഞതിനാൽ നാളെ സ്വമേധയാ തെരച്ചിൽ ഇറങ്ങുമെന്ന് ഈശ്വർ മാൽപെ അറിയിച്ചതായും ജിതിൻ പറഞ്ഞിരുന്നു.