യു എ ഇ യിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അറബി ഭാഷയും രാജ്യത്തിന്റെ സംസ്കാരവും വിദ്യാർത്ഥികൾക്ക് പകർന്നു നൽകണമെന്ന് നിർദേശം നൽകി. വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രിയും വിദ്യാഭ്യാസ – മാനവവിഭവശേഷി കൗൺസിൽ ചെയർമാനുമായ ഷെയ്ക്ക് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യൻ ആണ് പ്രഖ്യാപനം നടത്തിയത്.
പ്രാഥമിക വിദ്യാഭ്യാസ തലം മുതൽ സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവിടങ്ങളിൽ ദേശീയ വിദ്യാഭ്യാസ പദ്ധതിയുമായി സഹകരിച്ച് ഈ നിർദ്ദേശം പാലിക്കണമെന്ന് ഷെയ്ക്ക് അബ്ദുള്ള അറിയിച്ചു. എമിറാത്തി സംസ്കാരത്തിനും അറബി ഭാഷയ്ക്കും നൽകേണ്ട പ്രാധാന്യത്തെപ്പറ്റി പ്രാഥമിക തലം മുതൽ വിദ്യാർത്ഥികൾ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. വിദ്യാർത്ഥികൾക്ക് അറിവും മൂല്യങ്ങളും പകർന്നു നൽകാൻ കഴിയുന്ന അനുഭവങ്ങളും വിജയചരിത്രവുമാണ് എമിറാത്തി സംസ്കാരത്തിൽ ഉൾപ്പെട്ടിട്ടുള്ളത് എന്ന് അദ്ദേഹം വ്യക്തമാക്കി.
മത്സരങ്ങൾ, സ്കൂൾ യാത്രകൾ, ശിൽപ്പശാലകൾ, ഇവന്റുകൾ, മറ്റ് ആക്റ്റിവിറ്റികൾ തുടങ്ങിയവയിലൂടെ ഒഴിവു സമയങ്ങളിലോ പഠന സമയങ്ങളിലോ എമിറാത്തി സംസ്കാരത്തെക്കുറിച്ച് കുട്ടികൾക്ക് പകർന്നു നൽകണമെന്നാണ് തീരുമാനം.