തിരുവനന്തപുരം: തൃശൂർ പൂരം കലക്കൽ വിഷയത്തിൽ നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ച.തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയാണ് ചർച്ചക്ക് നോട്ടീസ് നൽകിയത്. പൂരം നടത്തിപ്പിലെ എട്ട് വീഴ്ചകൾ ചൂണ്ടിക്കാട്ടിയാണ് തിരുവഞ്ചൂർ പ്രമേയമവതരിപ്പിച്ചത്.പൂരപ്പറമ്പിൽ സംഘർഷം ഉണ്ടായപ്പോൾ രക്ഷകനായി ആക്ഷൻ ഹീറോ വന്നുവെന്നും അതിനു അവസരം ഒരുക്കിയെന്നും തിരുവഞ്ചൂർ പറഞ്ഞു.മന്ത്രിമാർക്ക് ലഭിക്കാത്ത സൗകര്യം സുരേഷ് ഗോപിക്ക് ലഭിച്ചുവെന്നും പോലീസിന്റെ സഹായമില്ലാതെ ആംബുലൻസിൽ അദ്ദേഹത്തിന് പുരപ്പറമ്പിലേക്ക് എത്താൻ കഴിയില്ലെന്നും അദേഹം ആരോപിച്ചു. ‘മന്ത്രിമാരായ കെ.രാജനും ആർ.ബിന്ദുവിനും ലഭിക്കാത്ത സൗകര്യം സുരേഷ് ഗോപിക്ക് ലഭിച്ചു.
പോലീസിന്റെ സഹായമില്ലാതെ ആംബുലൻസിൽ എൻ.ഡി.എ. സ്ഥാനാർഥിക്ക് പൂരപ്പറമ്പിലേക്ക് എത്താൻ കഴിയില്ല. എഡിജിപി എം.ആർ.അജിത് കുമാർ ഉത്തരവ് നൽകാതെ ഇതിന് പോലീസ് അനുമതി നൽകുമോ? സുരേഷ് ഗോപിക്ക് വഴിവെട്ടിക്കൊടുക്കുകയാണ് എഡിജിപി ചെയ്തത്’- അദ്ദേഹം വിമർശിച്ചു. ഒരാഴ്ചക്കകം എന്ന് മുഖ്യമന്ത്രി പറഞ്ഞ റിപ്പോർട്ടെവിടെയാണ്. എഡിജിപി ആരോപണ വിധേയനാണ്, അദ്ദേഹമാണ് അന്വേഷിച്ചതും.
തട്ടിക്കൂട്ട് റിപ്പോർട്ടിന് പുറത്ത് ഇപ്പഴും പിടിച്ച് നിർക്കാൻ നോക്കുകയാണ്. ജനയുഗം എഡിറ്റോറിയൽ വായിച്ചു. സുനിൽ കുമാറിനെ കാര്യം പറഞ്ഞ് വിശ്വസിപ്പിക്കാൻ കഴിയുമോ. ജൂഡീഷ്യൽ അന്വേഷണം വേണം. പൂരം കലക്കിയതിൽ സർക്കാർ പ്രതിക്കൂട്ടിലാണെന്നും തിരുവഞ്ചൂർ പറഞ്ഞു.