തമിഴ്നാട്ടിലെ പ്രമുഖ സിനിമാ നിര്‍മാതാക്കളായ ലൈക പ്രൊഡക്ഷന്സില് കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. ചെന്നൈയിലെ ഓഫീസടക്കം പത്ത് സ്ഥലങ്ങളിലാണ് ഇ.ഡി പരിശോധന നടത്തുന്നത്.
കമ്പനിയ്ക്കെതിരെ ഇ.ഡി കള്ളപ്പണം വെളുപ്പിക്കല്‍ കേസ് എടുത്തതിന് പിന്നാലെയാണ് റെയ്ഡ്. തിയറ്ററുകളില്‍ വന്‍ കളക്ഷന്‍ നേടിയ പൊന്നിയിന്‍ സെല്വന് 1, പൊന്നിയിന്‍ സെല്വന് 2 എന്നീ ചിത്രങ്ങളുടെ നിര്‍മാണം ലൈക പ്രൊഡക്ഷന്‍സ് ആയിരുന്നു.
2014ല്‍ വിജയ് നായകനായെത്തിയ എ.ആര് മുരുഗദോസ് ചിത്രം കത്തിയിലൂടെയാണ് ലൈക നിര്‍മാണ രംഗത്തേക്ക് പ്രവേശിച്ചത്. ചെക്ക ചിവന്തവാനം, കോലമാവ് കോകില, വട ചെന്നൈ, കാപ്പാന്, ദര്‍ബാര്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ പ്രൊഡ്യൂസ് ചെയ്തു.
കമല്‍ഹാസനെ നായകനാക്കി ശങ്കറിന്റെ സംവിധാനത്തിലൊരുങ്ങുന്ന ഇന്ത്യന്‍ 2 രജനീകാന്തും വിഷ്ണു വിശാലും പ്രധാന വേഷത്തിലെത്തുന്ന ഐശ്വര്യ രജനീകാന്ത് ചിത്രം ലാല്‍ സലാം, അജിത് നായകാനായെത്തുന്ന ചിത്രം വിടാ മുയര്‍ച്ചി എന്നീ ചിത്രങ്ങളും ലൈക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആണ് ഒരുങ്ങുന്നത്.
നേരത്തെയും തമിഴ്നാട്ടിലെ വിവിധ നിര്‍മാതാക്കളുടെ ഓഫീസുകളില്‍ റെയ്ഡ് നടന്നിരുന്നു. നാല്‍പ്പതോളം നിര്‍മാതാക്കളുടെ ഓഫീസുകളില്‍ നടന്ന റെയ്ഡില്‍ കള്ളപ്പണമിടപാടുമായി ബന്ധപ്പെട്ട നിരവധി തെൡവുകള്‍ പിടിച്ചെടുത്തിരുന്നതായി റിപ്പോര്‍ട്ടുണ്ട്.