സമ്പദ് വ്യവസ്ഥയെ കൈകാര്യം ചെയ്യുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിവുകെട്ടവനാണെന്ന് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിര്‍മല സീതാരാമന്റെ ഭര്‍ത്താവും ഇക്കോണമിസ്റ്റുമായ ഡോ. പരകാല പ്രഭാകര്‍. ദ വയറില്‍ മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് കരണ്‍ ഥാപറുമായി നടത്തിയ അഭിമുഖത്തിലാണ് പരകാല പ്രഭാകറിന്റെ അഭിപ്രായം.
പ്രഭാകറിന്റെ പുതിയ പുസ്തകമായ ‘ദ ക്രൂക്ക്ഡ് ടിമ്പര്‍ ഓഫ് ന്യൂ ഇന്ത്യ: എസ്സേയ്സ് ഓണ്‍ എ റിപ്പബ്ലിക് ഇന്‍ ക്രൈസിസ്’ എന്ന പുസ്തകം മെയ് 14നാണ് പുറത്തിറങ്ങിയത്. ഇതുമായി ബന്ധപ്പെട്ടായിരുന്നു അഭിമുഖം. മോദി സര്‍ക്കാര്‍, സമ്പദ് വ്യവസ്ഥ, രാഷ്ട്രീയം, മറ്റു വിഷയങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചുള്ള കുറിപ്പുകള്‍ ഉള്‍പ്പെട്ടതാണ് പുസ്തകം.
സമ്പദ് വ്യവസ്ഥ അടക്കമുള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്തതില്‍ മോദി ഒരു കഴിവ് കെട്ടവന് ആണെങ്കിലും ആളുകളുടെ ഉള്ളിലുള്ള ഭിന്നിപ്പിനെ പുറത്തുകൊണ്ടുവരുന്നതില്‍ വളരെ കഴിവുള്ളവനാണ് എന്നായിരുന്നു പ്രഭാകര്‍ പറഞ്ഞത്
2014ലെ തെരഞ്ഞെടുപ്പില്‍ ‘വികസന’ത്തിന്റെ പേര് പറഞ്ഞ് വോട്ട് പിടിച്ച ബിജെപി ഹിന്ദുത്വയെ ഒളിച്ചുകടത്തുകയായിരുന്നു. 2024ല്‍ വീണ്ടും മോദി സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ എത്തിയാല്‍ സമ്പദ് വ്യവസ്ഥയ്ക്ക് മാത്രമാവില്ല, മൊത്തം രാജ്യത്തിന് തന്നെ അതൊരു ദുരന്തമാവുമെന്നും അദ്ദേഹം പറഞ്ഞു.
‘2014ല്‍ അഴിമതി രഹിത, മികച്ച ഭരണം ഉറപ്പുനല്‍കുന്ന വികസനം അടിസ്ഥാനമാക്കിയുള്ള ഒരു സര്‍ക്കാര്‍ എന്നായിരുന്നു അവര്‍ മുന്നോട്ട് വെച്ചിരുന്നത്. എന്നാല്‍ അവരുടെ യഥാര്‍ത്ഥ ഉദ്ദേശ്യം അതായിരുന്നില്ല. ഹിന്ദുത്വയിലൂടെ ഹിന്ദു രാഷ്ട്രം സ്ഥാപിക്കലായിരുന്നു ലക്ഷ്യം. ഹിന്ദുത്വയെ ഒളിച്ചുകടത്താന്‍ വികസനത്തെ ‘ട്രോജന്‍ ഹോഴ്സ്’ ഉപയോഗിക്കപ്പെട്ട പോലെ ഉപയോഗിച്ചു. ഇതിനാണ് ബിജെപിയും മോദിയും നിലകൊള്ളുന്നതെങ്കില്‍ അതിനെ ഉറപ്പായും പ്രതിരോധിക്കണം,’ പ്രഭാകര്‍ പറഞ്ഞു.
അതേ തെരഞ്ഞെടുപ്പില്‍ മോദി പറഞ്ഞത്, യുദ്ധം ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലല്ല, ഹിന്ദുക്കളും മുസ്ലീങ്ങളും ഒരുമിച്ച് ചേര്‍ന്ന് ദാരിദ്ര്യത്തിനും തൊഴിലില്ലായ്മയ്ക്കുമെതിരാണെന്നും പ്രഭാകര്‍ കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ എന്തെങ്കിലും നല്ലത് ചെയ്തിട്ടുണ്ടെങ്കില്‍ തന്നെ, അതിനേക്കാള്‍ വലിയ അപകടങ്ങള്‍ അവര്‍ ചെയ്തു വെക്കുന്നുണ്ട്. ഹിന്ദുത്വയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ആളുകളെ അണിനിരത്താനുള്ള കഴിവില്‍ നിന്നുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും ജനപ്രീതി ഉയര്‍ന്ന് വന്നതെന്നും അദ്ദേഹം പറഞ്ഞു.