കൊളംബോം: ഇന്ത്യൻ മഹാസമുദ്രത്തിൽ ശക്തമായ ഭൂകമ്പം. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇന്ത്യൻ തീരത്ത് നിന്നും ആയിരം കിലോമീറ്ററും ശ്രീലങ്കയിൽ നിന്നും 800 കിലോമീറ്റർ തെക്കുകിഴക്കായുമുള്ള മേഖലയിൽ ഭൂകമ്പമുണ്ടായത്. സമുദ്രത്തിനടിയിൽ പത്ത് കിലോമീറ്ററോളം ആഴത്തിലാണ് ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രമെന്ന് ജിയോളജിക്കൽ സർവേ ആൻഡ് മൈൻസ് ബ്യൂറോ അറിയിച്ചു.
യുഎസ് ജിയോളിജക്കൽ വകുപ്പും യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്ററും ശക്തമായ ഭൂകമ്പമുണ്ടായതായി സ്ഥിരീകരിച്ചു. റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഭൂചലനത്തിൽ ശ്രീലങ്കയിലോ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലോ ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്നും സുനാമി മുന്നറിയിപ്പില്ലെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം ശ്രീലങ്കയിൽ പലയിടത്തും ഭൂകമ്പത്തിന് പിന്നാലെ പ്രകമ്പനം അനുഭവപ്പെട്ടു.
അതേസമയം ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ 24 മണിക്കൂറിൽ ശക്തമായ ഭൂചലനങ്ങളുണ്ടായതായി വിവിധ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ആഫ്രിക്കയിൽ ദക്ഷിണ സുഡാൻ – ഉഗാണ്ട അതിർത്തിയിൽ തിങ്കളാഴ്ച 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി യൂറോപ്യൻ ഏജൻസി (EMSC) അറിയിച്ചു. ഭൂമിക്കടിയിൽ 8 കിലോമീറ്റർ (4.97 മൈൽ) ആഴത്തിലാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം.
തിങ്കളാഴ്ച വൈകുന്നേരം താജിക്കിസ്ഥാനിൽ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി എൻസിഎസ് അറിയിച്ചു. 4.9 തീവ്രത രേഖപ്പെടുത്തിയാണ് ഭൂകമ്പമാണ് ഉണ്ടായത്. ഞായറാഴ്ച ഇന്തോനേഷ്യയിലെ വെസ്റ്റ് ടിമോറിന് സമീപം ഞായറാഴ്ച 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി ജർമ്മൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് (GFZ) അറിയിച്ചിരുന്നു. കടലിനടിയിൽ 10 കിലോമീറ്റർ (6.21 മൈൽ) ആഴത്തിലായിരുന്നു ഈ ഭൂകമ്പമെന്നും ജിഎഫ്ഇസെഡ് അറിയിച്ചു. നവംബർ 11 ന് വൈകുന്നേരം 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പാകിസ്ഥാനിൽ ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു.
ഹെയ്തിയുടെ അതിർത്തിക്കടുത്തുള്ള വടക്കുപടിഞ്ഞാറൻ ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ 5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. യുഎസ് ജിയോളജിക്കൽ സർവേയുടെ കണക്കനുസരിച്ച് ലാസ് മാറ്റാസ് ഡി സാന്താക്രൂസിന്റെ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറായി 19 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്.
കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. അടുത്ത 5 ദിവസം കേരളത്തിൽ ഇടി മിന്നലോടു കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ നിക്കോബർ ദ്വീപിനും മുകളിലായാണ് ന്യൂനമർദ്ദം രൂപപ്പെട്ടത്. പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം നവംബർ 16 ഓടെ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ തീവ്ര ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്.
ഇതിന്റെ സ്വാധീനഫലമായി ഇന്ന് മൂന്ന് ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ മറ്റൊരു ചക്രവാതചുഴിയും നിലനിൽക്കുന്നുണ്ട്.