കാത്തിരിപ്പിനൊടുവിൽ ഇന്ത്യയിൽ ഡിജിറ്റൽ രൂപ യാഥാർഥ്യമാകുന്നു. നാളെ മുതൽ നാല് നഗരങ്ങളിൽ ഇ-റുപ്പി ലഭ്യമാകും. ആദ്യഘട്ടത്തിൽ മുംബൈ, ഡൽഹി, ബംഗളൂരു, ഭുവനേശ്വർ എന്നീ നഗരങ്ങളിലെ റീട്ടെയിൽ ഉപഭോക്താക്കൾക്കും വ്യാപാരികൾക്കുമാണ് ഇ-റുപ്പീ ഉപയോഗിക്കാൻ കഴിയുക. പണമിടപാടുകൾ സുഗമവും വേഗത്തിലുമാക്കാൻ ഡിജിറ്റൽ രൂപ സഹായകരമാകുമെന്നാണ് ആർബിഐ വിലയിരുത്തൽ.
നിയമപരമായ ഇടപാടുകൾക്ക് ഉപയോഗിക്കാവുന്ന ഡിജിറ്റൽ ടോക്കൺ രൂപത്തിലായിരിക്കും ഇ-റുപ്പി എത്തുന്നത്. പരീക്ഷണാടിസ്ഥാനത്തിലുള്ള റോൾ ഔട്ട് ആയതിനാൽ എല്ലാവർക്കും ഈ ഘട്ടത്തിൽ ഡിജിറ്റൽ രൂപയിലേക്ക് ആക്സസ് ലഭിക്കില്ല. രാജ്യത്ത് നിലവിലുള്ള കറൻസികളുടെ അതേ മൂല്യത്തിലായിരിക്കും ഡിജിറ്റൽ രൂപയും വരുന്നത്.
ഇ-രൂപയ്ക്ക് പലിശ ലഭിക്കില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. എന്നാൽ ആവശ്യാനുസരണം ഇത് ബാങ്ക് നിക്ഷേപം പോലെയുള്ള പണത്തിലേക്ക് മാറ്റാവുന്നതുമാണ്. രണ്ടാം ഘട്ടത്തിൽ അഹമ്മദാബാദ്, ഗാങ്ടോക്ക്, ഗുവാഹതി, ഹൈദരാബാദ്, ഇൻഡോർ, കൊച്ചി, ലഖ്നൗ, പട്ന, ഷിംല എന്നിവിടങ്ങളിലേക്കും ഇ-റുപ്പി വ്യാപിപ്പിക്കും.
അച്ചടിച്ച നോട്ടിന് പകരം മൊബൈൽ ഫോണിലെ ആപ്പിൽ സൂക്ഷിക്കുന്ന ഡിജിറ്റൽ കറൻസിയാണ് ഇ-റുപ്പി. പ്രിന്റഡ് കറൻസി പോലെ മറ്റൊരു ഇടനിലക്കാരൻ ഇല്ലാതെ തന്നെ ഡിജിറ്റൽ രൂപ ഉപയോഗിച്ചുള്ള ഇടപാടുകൾ നടത്താൻ കഴിയും. സാധാരണ നോട്ടുകളെ പോലെ ബാങ്ക് അക്കൗണ്ടുകൾ ഇല്ലാത്തവർക്കും ഡിജിറ്റൽ രൂപ ഉപയോഗിക്കാൻ കഴിയും. ഇടപാടുകളുടെ സ്വകാര്യത ഉറപ്പ് വരുത്താനും ഇ-രൂപ ഉപയോഗിക്കുന്നതിലൂടെ സാധിക്കും.