ആരോഗ്യമേഖലയിലെ ഡിജിറ്റൽ പരിവർത്തനത്തിന്റെ ഭാഗമായി കുട്ടികളുടെ വാക്സിനേഷന് ഇ-സർട്ടിഫിക്കറ്റ് പുറത്തിറക്കി സൗദി ആരോഗ്യ മന്ത്രാലയം. പേപ്പർ സർട്ടിഫിക്കറ്റ് കാർഡിന് പകരമായാണ് ഇലക്ട്രോണിക് സര്‍ട്ടിഫിക്കറ്റ് രീതി നടപ്പാക്കിയത്.
പൗരന്മാർക്ക് ആരോഗ്യ സേവനങ്ങൾ സുഗമമാക്കുകയും നിർണായക വാക്സിനേഷനുകളുടെ ട്രാക്ക് സൂക്ഷിക്കാനും ഇ സര്‍ട്ടിഫിക്കറ്റിലൂടെ വഴിയൊരുങ്ങും. രക്ഷിതാക്കൾക്ക് ആരോഗ്യ കേന്ദ്രങ്ങളിലെ ഡോക്യുമെന്റേഷൻ ക്ലിനിക്ക് വഴി കുട്ടികളുടെ വാക്സിനേഷൻ രജിസ്റ്റർ ചെയ്യാം. അല്ലെങ്കിൽ സെഹതി ആപ്പ് വഴി സ്വയം രജിസ്റ്റർ ചെയ്യാനും അവസരമുണ്ട്.
രാജ്യത്തെ വ്യക്തികൾക്ക് ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുന്നതിനാണ് സെഹതി ആപ്പ് സൃഷ്ടിച്ചതെന്നും മന്ത്രാലയം അറിയിച്ചു. ആരോഗ്യ മേഖലയിലെ നിരവധി സേവനങ്ങൾ സെഹാട്ടി ആപ്പിലൂടെ ലഭ്യമാക്കിയിട്ടുണ്ട്.
കഴിഞ്ഞ മാസം രാജ്യത്തെ പൗരന്മാരോടും താമസക്കാരോടും ഇന്‍ഫ്ലുവന്‍സ വാക്സിൻ എടുക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു. വാക്സിൻ 80 ശതമാനം ഫലപ്രദമാണെന്നും ഇത് ആരോഗ്യ സംവിധാനത്തിലെ ബുദ്ധിമുട്ട് കുറയ്ക്കാൻ സഹായിക്കുമെന്നും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അൽ-അബ്ദുൽ-അലി വ്യക്തമാക്കി. ഈ സീസണിൽ ഇൻഫ്ലുവൻസ ബാധിതരുടെ എണ്ണം വർധിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.