ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന യുവധാര യൂത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ കെ മുരളീധരന് എം.പിയും പി.കെ കുഞ്ഞാലിക്കുട്ടിയും പങ്കെടുക്കും. ഈ മാസം 12 മുതല്‍ 14 വരെ കൊച്ചിയിലാണ് യുവധാര ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ നടക്കുന്നത്.
ഇന്ത്യന്‍ ജനാധിപത്യം-പ്രതീക്ഷകള്‍, ആശങ്കകള്‍ എന്ന വിഷയത്തിലാണ് മുരളീധരനും കുഞ്ഞാലിക്കുട്ടിയും സംവദിക്കാനെത്തുന്നത്. വിവിധ കാഴ്ചപ്പാടുള്ളവരെ ഉള്‍ക്കൊള്ളിക്കുന്നതിന്റെ ഭാഗമായാണ് കെ മുരളീധരനെയും കുഞ്ഞാലിക്കുട്ടിയെയും പങ്കെടുപ്പിക്കുന്നതെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് പറഞ്ഞതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്തു.
നേരത്തെ സിപിഐഎം സെമിനാറില്‍ കെവി തോമസ് പങ്കെടുത്തതിന് പിന്നാലെ വലിയ തോതിലുള്ള ചര്‍ച്ചകളും വിവാദങ്ങളും കോണ്‍ഗ്രസില്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഡിവൈഎഫ്ഐ വേദിയില്‍ കുഞ്ഞാലിക്കുട്ടിയും മുരളീധരന് എം.പിയും പങ്കെടുക്കുന്നത്.
കല സാഹിത്യ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ യൂത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ഭാഗമാകുന്നുണ്ട്. 12ന് വൈകിട്ട് ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് പരിപാടി ഉദ്ഘാടനം ചെയ്യും.
മനുഷ്യര്‍ക്കിടയില്‍ വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും ആശയങ്ങള്‍ പലവിധ ‘സ്റ്റോറി’കളായി പ്രചരിപ്പിക്കപ്പെടുന്ന കാലത്ത് ഇതാണ് കേരളത്തിന്റെ ‘റിയല്‍ സ്റ്റോറി’ എന്ന് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സംബന്ധിച്ച അറിയിപ്പില്‍ വികെ സനോജ് പറഞ്ഞിരുന്നു.