ദുബായ് ലൈറ്റ് വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കു ‘ഗോൾഡൻ ചാൻസ്’ പദ്ധതിയുമായി ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട് അതോറിറ്റി (ആർടിഎ). ഇന്ത്യയുൾപ്പെടെയുള്ള വിദേശ രാജ്യങ്ങളുടെ ഡ്രൈവിങ് ലൈസൻസുള്ളവർക്കു ദുബായിൽ വാഹനമോടിക്കാനുള്ള അനുമതി ലഭിക്കാൻ ‘ഗോൾഡൻ ചാൻസ്’ എന്ന പേരിൽ ആർടിഎ പുതിയ ഡയറക്ട് ടെസ്റ്റ് പദ്ധതി ആരംഭിച്ചു.
യുഎഇ ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസ് നേടുന്നതിനുള്ള നേരിട്ടുള്ള ടെസ്റ്റിന് അപേക്ഷിക്കാൻ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഡ്രൈവിങ് ലൈസൻസ് കൈവശമുള്ളവർക്ക് ആർടിഎയുടെ ഗോൾഡൻ ചാൻസ് പദ്ധതി അനുവദിക്കുന്നതായി അധികൃതർ പറഞ്ഞു. ഈ പദ്ധതിക്ക് അപേക്ഷിച്ചു കഴിഞ്ഞാൽ വൈകാതെ തിയറി ടെസ്റ്റിനുള്ള കോൾ വരും. അതുകഴിഞ്ഞാലുടൻ റോഡ് ടെസ്റ്റ്. തിയറി ടെസ്റ്റുകൾ നടക്കുന്നതേയുള്ളുവെന്നാണ് റിപ്പോർട്ട്.
2,150 ദിർഹം അടച്ചാൽ ഗോൾഡൻ ചാൻസിലൂടെ ഡ്രൈവിങ് ലൈസൻസ് നേടാനുള്ള ഫയൽ ഓപ്പൺ ചെയ്യാം. തുടർന്നു തിയറി ടെസ്റ്റ് പാസായാൽ നേരിട്ട് റോഡ് ടെസ്റ്റിന് വിധേയമാകാവുന്നതാണ് എന്നതാണ് പ്രത്യേകത. ഗോൾഡൻ ചാൻസ് റോഡ് ടെസ്റ്റിൽ പരാജയപ്പെട്ടാൽ സാധാരണ പോലെ ഡ്രൈവിങ് ക്ലാസിൽ ചേർന്നു പഠിക്കേണ്ടി വരും. എന്നാൽ ഇതിനു പ്രത്യേക ഫീസ് അടയ്ക്കേണ്ടതില്ല.