ദുബായ്: ഡ്രൈവിംഗ് ക്ലാസ്സുകൾക്ക് പോകാതെ തന്നെ ലൈസൻസ് സ്വന്തമാക്കാനുള്ള ഗോൾഡൻ ചാൻസുമായി ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. പുതിയ പദ്ധതിയിൽ അപേക്ഷിക്കുന്നവർക്ക് ഡ്രൈവിംഗ് ക്ലാസ്സിന് പോകാതെ നേരിട്ട് തന്നെ ഡ്രൈവിംഗ് പരീക്ഷയ്ക്കും റോഡ് ടെസ്റ്റിനും അർഹത നേടാനാവും.
സ്വന്തം രാജ്യത്തെ ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്കാണ് ദുബൈ ആർടിഎ അവതരിപ്പിച്ച ഈ ഗോൾഡൻ ചാൻസ് ഉപയോഗപ്പെടുത്താൻ സാധിക്കുക. ഗോൾഡൻ ചാൻസ് പദ്ധതി ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നതായി അധികൃതർ അറിയിച്ചു.
ദുബൈ ആർടിഎ അറിയിക്കുന്ന പ്രകാരം സ്വന്തം രാജ്യത്തെ ലൈസൻസുമായി വേണം ഗോൾഡൻ ചാൻസിന് രജിസ്റ്റർ ചെയ്യാൻ. നടപടിക്രമങ്ങൾ പൂർത്തിയാക്കി നിശ്ചിത ഫീസ് അടച്ച ശേഷം യോഗ്യതയുള്ളവർക്ക് നേരിട്ട് തിയറി, റോഡ് ടെസ്റ്റുകൾക്ക് അർഹത നേടാം. ഇതൊരു ഒറ്റത്തവണ അവസരമാണ്. പരാജയപ്പെടുന്നവർ സാധാരണ രീതിയിൽ വീണ്ടും റഗുലർ ഡ്രൈവിംഗ് ക്ലാസ്സുകൾക്ക് പോകേണ്ടി വരും.
പ്രാദേശിക ഡ്രൈവിംഗ് സെൻ്ററുകളുടെ സഹായത്തോടെ പ്രവാസികൾക്ക് ഗോൾഡൻ ചാൻസിനായി അപേക്ഷിക്കാം. ഡ്രൈവിംഗ് സെൻ്ററുകൾ അനുസരിച്ച് അപേക്ഷ തുകയിൽ മാറ്റം വരാം ഏകദേശം 2200 ദിർഹമെങ്കിലും അപേക്ഷയ്ക്ക് അടയ്ക്കേണ്ടി വരും. അപേക്ഷകർ മുൻകൂർ പരിശീലനം തേടേണ്ട കാര്യമില്ല.
നേരത്തെ 43 രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർക്ക് സ്വദേശത്തെ ഡ്രൈവിംഗ് ലൈസൻസ് വച്ച് യുഎഇ ലൈസൻസ് എടുക്കാനുള്ള അനുമതി കൊടുത്തിരുന്നു. എന്നാൽ ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ പൗരൻമാർക്ക് ഈ സൗകര്യം ലഭ്യമല്ല. ഇങ്ങനെയുള്ള പ്രവാസികൾക്ക് കൂടി ഉപകാരപ്പെടുന്ന തരത്തിലാണ് ഗോൾഡൻ ചാൻസ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
ഈ രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർക്കാണ് സ്വദേശത്തെ ഡ്രൈവിംഗ് ലൈസൻസ് വച്ച് പരീക്ഷയും ഡ്രൈവിംഗും ടെസ്റ്റും ഇല്ലാതെ യുഎഇ ലൈസൻസ് നേടാൻ സാധിക്കുക. പട്ടികയ്ക്ക് പുറത്തുള്ള രാജ്യങ്ങളിലെ പ്രവാസികൾക്ക് ഗോൾഡൻ ചാൻസ് ഉപയോഗപ്പെടുത്താം.
എസ്റ്റോണിയ
അൽബേനിയ
പോർച്ചുഗൽ
ചൈന
ഹംഗറി
ഗ്രീസ്
ഉക്രെയ്ൻ
ബൾഗേറിയ
സ്ലോവാക്
സ്ലോവേനിയ
സെർബിയ
സൈപ്രസ്
ലാത്വിയ
ലക്സംബർഗ്
ലിത്വാനിയ
മാൾട്ട
ഐസ്ലാൻഡ്
മോണ്ടിനെഗ്രോ
അമേരിക്കൻ ഐക്യനാടുകൾ
ഫ്രാൻസ്
ജപ്പാൻ
ബെൽജിയം
സ്വിറ്റ്സർലൻഡ്
ജർമ്മനി
ഇറ്റലി
സ്വീഡൻ
അയർലൻഡ്
സ്പെയിൻ
നോർവേ
ന്യൂസിലാന്റ്
റൊമാനിയ
സിംഗപ്പൂർ
ഹോങ്കോംഗ്
നെതർലാൻഡ്സ്
ഡെൻമാർക്ക്
ഓസ്ട്രിയ
ഫിൻലാൻഡ്
യുണൈറ്റഡ് കിംഗ്ഡം
ടർക്കി
കാനഡ
പോളണ്ട്
ദക്ഷിണാഫ്രിക്ക
ഓസ്ട്രേലിയ