തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി യു.ഡി.എഫിൻറെ കുഞ്ഞാണെന്നും അത് യാഥാർഥ്യമാക്കിയത് ഉമ്മൻ ചാണ്ടിയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഉമ്മൻചാണ്ടി എന്ന മുഖ്യമന്ത്രിയുടെ ഇച്ഛാശക്തിയുടെ പ്രതീകമാണ് വിഴിഞ്ഞം തുറമുഖമെന്നും അദ്ദേഹം പറഞ്ഞു.വിഴിഞ്ഞം 6000 കോടിയുടെ റിയൽ എസ്റ്റേറ്റ് അഴിമതിയാണെന്ന് പറഞ്ഞയാളാണ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ.
അന്ന് ഉമ്മൻ ചാണ്ടിയെയും യു.ഡി.എഫിനെയും അപഹസിച്ചവർ ഇന്ന് വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റ് എടുക്കുന്നുവെന്നും എന്തൊരു ഇരട്ടത്താപ്പാണെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.
വിഴിഞ്ഞത്തെ കുറിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിയമസഭയിൽ നടത്തിയ പ്രസ്താവന നടത്തിയതിൻറെ വിഡിയോയും പ്രതിപക്ഷ നേതാവ് ഫേസ്ബുക്ക് പോസ്റ്റിൽ പങ്കുവെച്ചു.