കാൽനടയാത്രയ്ക്കിടെ വഴി തെറ്റി മലനിരയിൽ കുടുങ്ങിയ കുടുംബത്തെ രക്ഷപ്പെടുത്തി ദുബായ് പോലീസ്. മാതാപിതാക്കളും നാല് കുട്ടികളും ഉൾപ്പെടുന്ന വിദേശ കുടുംബമാണ് ഹത്ത മലനിരകളിൽ വഴിതെറ്റി കുടുങ്ങിപ്പോയത്. സഹായം അഭ്യർഥിച്ച് ഹത്ത പോലീസ് സ്റ്റേഷനിലേക്ക് വിളിക്കുകയും തുടർന്ന് പോലീസ് ഡ്രോണുകൾ വിന്യസിച്ച് അവരുടെ സ്ഥാനം കണ്ടെത്തുകയും ചെയ്തു.
പർവതപ്രദേശങ്ങളിലോ താഴ്വരകളിലോ അത്യാഹിതമുണ്ടായാൽ രക്ഷാപ്രവർത്തകർ എപ്പോഴും സജ്ജമാണെന്ന് പോലീസ് പറഞ്ഞു. പൈതൃക ഗ്രാമങ്ങളും പർവതങ്ങളും താഴ്വരകളും അണക്കെട്ടുകളും കാണാനായി നിരവധി വിനോദസഞ്ചാരികൾ ഹത്ത മേഖലയിലെത്താറുണ്ടെന്ന് അതോറിറ്റി പറഞ്ഞു.
പൊതുജനങ്ങളോട് ജാഗ്രത പാലിക്കാനും മലകയറ്റ പാതകൾ പാലിക്കാനും സുരക്ഷാ പ്രോട്ടോക്കോൾ പാലിക്കാനും എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ കമാൻഡ് സെന്ററിൽ 999 എന്ന നമ്പറിൽ വിളിക്കാനും പോലീസ് പറഞ്ഞു. പ്രശ്നമുണ്ടായാൽ രക്ഷാപ്രവർത്തനം സുഗമമാക്കുന്നതിന് സ്ഥലം കൃത്യമായി വിവരിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.